നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളും, സുതാര്യമല്ലാത്ത പണമിടപാടുകളുടെ ചരിത്രവുമുള്ള പാകിസ്താന്റെ ഈ ക്രിപ്റ്റോ ഇടപാടുകള്‍ സാമ്പത്തിക സുരക്ഷയ്ക്കും ഭരണനിര്‍വഹണത്തിനും വലിയ വെല്ലുവിളിയാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അന്താരാഷ്ട്ര തലത്തില്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് ക്രിപ്റ്റോകറന്‍സി രംഗത്തെ പാകിസ്താന്റെ അതിവേഗ നീക്കങ്ങള്‍. ലോകത്തിലെ മുന്‍നിര ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാന്‍സിന്റെ സിഇഒ റിച്ചാര്‍ഡ് ടെങ്ങുമായി കഴിഞ്ഞയാഴ്ച പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം നടത്തിയ കൂടിക്കാഴ്ചയാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.ജനറല്‍ മുനീറിനെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് ആയി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ നിര്‍ണായക യോഗം നടന്നതെന്നതും ശ്രദ്ധേയമാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് മേധാവി അസിം മാലിക്, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ ബിനാന്‍സ് സിഇഒ റിച്ചാര്‍ഡ് ടെങ്ങിനൊപ്പം കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പാകിസ്താന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ എക്സ് പേജില്‍ പങ്കുവെച്ചിരുന്നു.

ക്രിപ്റ്റോ താല്‍പര്യത്തിന് പിന്നിലെന്ത്?

പാകിസ്താന്റെ ഈ പെട്ടെന്നുള്ള ക്രിപ്റ്റോ താല്‍പര്യത്തെ പലരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ട്രംപിന്റെ സുഹൃത്തുക്കളുടെ പട്ടികയില്‍ ഇടം നേടാനുള്ള അസിം മുനീറിന്റെ ബോധപൂര്‍വമായ നീക്കമായി ഇതിനെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷമാദ്യം, പാകിസ്താന്‍ ക്രിപ്റ്റോ കൗണ്‍സില്‍, ക്രിപ്റ്റോകറന്‍സി സ്ഥാപനമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ മക്കളായ എറിക്, ഡൊണാള്‍ഡ് ജൂനിയര്‍, മരുമകന്‍ ജാറെഡ് കുഷ്നര്‍ എന്നിവര്‍ക്ക് ഈ കമ്പനിയില്‍ ഏകദേശം 60% ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്റ്റോ, ധാതു ഖനനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍ ട്രംപിന് വ്യക്തിപരമായ താല്‍പര്യമുണ്ടെന്നും, ഇത് യുഎസ്-പാകിസ്താന്‍ സഹകരണത്തിന്റെ പ്രധാന സൂചനയായി മാറുന്നുവെന്നും ദക്ഷിണേഷ്യന്‍ അനലിസ്റ്റ് മൈക്കിള്‍ കുഗല്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു.

ബാങ്കുകളുടെ ആശങ്കയും പിഴയിളവും

കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ കാരണം ക്രിപ്റ്റോയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ പ്രാദേശിക ബാങ്കുകള്‍ ആശങ്കകള്‍ അറിയിച്ചിരുന്നതായി 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മറ്റ് രാജ്യങ്ങളിലെ ബിനാന്‍സിന്റെ അനുഭവങ്ങള്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ബാങ്കുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നായ ബിനാന്‍സ് വര്‍ഷങ്ങളായി കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ നിഴലിലാണ്. ഹമാസ്, അല്‍-ഖ്വയ്ദ, ഐസിസ് എന്നിവയിലേക്ക് പണം ഒഴുകാന്‍ അനുവദിച്ചതിന് 2023 നവംബറില്‍ യുഎസ് നീതിന്യായ വകുപ്പ് ബിനാന്‍സിന് 4.3 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. പ്രതിവര്‍ഷം 250 ബില്യണിലധികം വിറ്റുവരവുണ്ടാക്കുന്ന ക്രിപ്റ്റോ വ്യാപാരികള്‍ക്ക് അവരുടെ കൈവശമുള്ള ക്രിപ്റ്റോ ആസ്തികള്‍ പിഴയില്ലാതെ നിയന്ത്രിത പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാന്‍ അനുവദിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു,

സുരക്ഷാ വെല്ലുവിളികള്‍

നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളും, സുതാര്യമല്ലാത്ത പണമിടപാടുകളുടെ ചരിത്രവുമുള്ള പാകിസ്താന്റെ ഈ ക്രിപ്റ്റോ ഇടപാടുകള്‍ സാമ്പത്തിക സുരക്ഷയ്ക്കും ഭരണനിര്‍വഹണത്തിനും വലിയ വെല്ലുവിളിയാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ മേല്‍നോട്ടമില്ലാതെ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെ വലിയ തോതില്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, എന്നിവയ്ക്ക് വഴിവയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.