Share Market LIve: എംപിസി യോഗത്തിലേക്ക് കണ്ണുനട്ട് നിക്ഷേപകർ; തകർച്ചയിൽ വിപണി

By Web TeamFirst Published Sep 28, 2022, 11:18 AM IST
Highlights

പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, കുതിച്ചുയരുന്ന പലിശനിരക്ക്.. ആശങ്കയിൽ നിക്ഷേപകർ. ഓഹരി വിപണിയിൽ തിരിച്ചടി

മുംബൈ: വിദേശ നാണ്യ വരുമാനത്തിലെ ഇടിവും പണനയ യോഗത്തിന്റെ പ്രതീക്ഷകളും വിപണിയെ താഴേക്ക് നയിച്ചു. ആഭ്യന്തര ഓഹരി വിപണി ഇന്നും ഇടിഞ്ഞു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് സൂചിക 608.8 പോയിന്റ് ഇടിഞ്ഞ് 56,498.72ലും എൻഎസ്ഇ നിഫ്റ്റി 182 പോയിന്റ് താഴ്ന്ന് 16,825.40ലും വ്യപാരം ആരംഭിച്ചു. 

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ  0.6 മുതൽ 0.7 ശതമാനം വരെ ഇടിഞ്ഞു. മേഖലാപരമായി പരിശോധിക്കുമ്പോൾ എല്ലാ മേഖലകളും ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 

ഡോ.റെഡ്ഡീസ്, സൺ ഫാർമ, വിപ്രോ, ഇൻഫോസിസ് എന്നെ ഓഹരികൾ സൂചികകളുടെ നഷ്ടം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ എച്ച്‌ഡിഎഫ്‌സി ട്വിൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ സൂചികകളെ കൂടുതൽ തളർത്തി. 

Read Also: രൂപ വീണ്ടും വീണു; 82 ലേക്കടുത്ത് രൂപയുടെ മൂല്യം

ഗ്ലോക്കോമയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ടിമോലോൾ മലേറ്റ് വിപണിയിലെത്തിക്കാൻ  യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് വ്യക്തിഗത ഓഹരികളിൽ, ഡോ റെഡ്ഡീസിന്റെ ഓഹരികൾ 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന ധനനയ യോഗത്തിലേക്ക് കണ്ണുനട്ട് ജാഗ്രതയോടെയാണ്‌ നിക്ഷേപകർ നീങ്ങുന്നത്. ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കും എന്നാൽ അത് എത്രയായിരിക്കും എന്നുള്ളത് നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. സെപ്റ്റംബർ 30 നാണു ആർബിഐയുടെ ധനനയ പ്രഖ്യാപനം ഉണ്ടാകുക. പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, കുതിച്ചുയരുന്ന പലിശനിരക്ക് എന്നിവയിൽ നിന്നുള്ള കനത്ത സമ്മർദ്ദത്തിന് വിധേയമാക്കുകയാണ് ആഭ്യന്തര വിപണി. ആഗോള വിപണിയിലെ മാന്ദ്യത്തിനിടയിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 81.93 എന്ന റെക്കോർഡ് താഴ്ചയിലെത്തി.  

click me!