
നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വെള്ളിവില കുത്തനെ താഴേക്ക്. ഇന്ത്യയില്‍ ജനുവരി 29ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡായ കിലോഗ്രാമിന് 3,84,632 രൂപയില്‍നിന്ന് വില ഏകദേശം 50 ശതമാനത്തോളമാണ് ഇടിഞ്ഞത്. വെള്ളി ഫ്യൂച്ചേഴ്സ് വില കിലോഗ്രാമിന് 2 ലക്ഷം രൂപയ്ക്കു താഴെയെത്തി.
ടെക് ഓഹരികളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഓഹരികളിലും തുടരുന്ന കനത്ത വില്പനയാണ് വെള്ളിയുടെ വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മറ്റ് നിക്ഷേപങ്ങളില്‍ നേരിട്ട നഷ്ടം നികത്തുന്നതിനായി നിക്ഷേപകര്‍ വിലയേറിയ ലോഹങ്ങള്‍ വില്‍ക്കുന്നതും വെള്ളിയുടെ വിലയെ ബാധിക്കുന്നു. മൂലധനച്ചെലവ് വര്‍ധിപ്പിക്കാനുള്ള മെറ്റാ പ്ലാറ്റ്ഫോംസിന്റെ പദ്ധതികള്‍ പുറത്തുവന്നതോടെ ഈ ആഴ്ച ടെക് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമായി. എഐ മേഖലയിലെ വികസനത്തിനായി കൂടുതല്‍ കടമെടുക്കേണ്ടിവരുമോ എന്ന ആശങ്കയും ഇതോടെ ശക്തിപ്പെട്ടു.
എഐ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വന്‍തുക ചെലവഴിക്കേണ്ടിവരുന്നത് ടെക് കമ്പനികളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വില്പനയിലേക്ക് നയിക്കുന്നത്. ഓഹരിവിപണിയിലെ ഈ തിരിച്ചടി വെള്ളിയുള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ക്കും സമ്മര്‍ദമാകുന്നു. പലിശനിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകളും ഡോളറിന്റെ കരുത്തും സ്വര്‍ണത്തെയും വെള്ളിയെയും ഒരുപോലെ ബാധിക്കുന്നു. എന്നാല്‍ വെള്ളിയുടെ കാര്യത്തില്‍ വ്യാവസായിക ആവശ്യകതയും നിര്‍ണായകമാണ്. നിര്‍മാണമേഖലയിലെ ആവശ്യകത കുറയുന്നത് വെള്ളിവിലയില്‍ അധിക സമ്മര്‍ദമുണ്ടാക്കുന്നു.
മേയില്‍ വര്‍ധിപ്പിച്ച ഇറക്കുമതി തീരുവ ഇന്ത്യന്‍ വിപണിയിലെ വെള്ളിവിലയ്ക്ക് ഒരു പരിധിവരെ പിന്തുണ നല്‍കിയിട്ടുണ്ട്. ഇറക്കുമതിച്ചെലവ് ഉയരുന്നതോടെ രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ ആഭ്യന്തര വിപണിയിലെ ഇടിവിന്റെ ആഘാതം കുറയ്ക്കാന്‍ ഇതു സഹായിക്കും. എന്നാല്‍ ഈ സംരക്ഷണത്തിന് പരിമിതികളുണ്ട്. രാജ്യാന്തര വെള്ളിവിലയിലും രൂപയുടെ വിനിമയനിരക്കിലുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ വിലയെ ഇപ്പോഴും നിര്‍ണയിക്കുന്നു.
ഇന്ത്യയില്‍ ജനുവരിയിലെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വെള്ളിവില ഏകദേശം 50 ശതമാനം ഇടിഞ്ഞത് ഇറക്കുമതി തീരുവ വര്‍ധനയ്ക്കും വലിയ വിലത്തിരുത്തല് തിരുത്തല്‍ തടയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ്. വെള്ളിവിലയിലെ തുടര്‍ചലനങ്ങള്‍ രാജ്യാന്തര വിപണിയിലെ സാഹചര്യം, എണ്ണവില, യുഎസ് പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ഡോളറിന്റെ മൂല്യം, വ്യാവസായിക ആവശ്യകത എന്നിവയെ ആശ്രയിച്ചിരിക്കും.