
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിന് മുകളിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില ബാരലിന് 99 ഡോളറിലേക്കും അടുത്തു. സൗദി അറേബ്യയ്ക്കുനേരെയുണ്ടായ ആക്രമണങ്ങളും മധ്യപൂർവേഷ്യയിൽ കടുക്കുന്ന സംഘർഷങ്ങളും ആഗോള വിപണിയിൽ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാക്കിയതോടെയാണ് കയറ്റം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ബ്രെന്റ് ക്രൂഡ് 2.58 ശതമാനം വർധിച്ച് ബാരലിന് 111.63 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. വിതരണ ശൃംഖലയിലുണ്ടാകുന്ന തടസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന ഭീതി ഉയർത്തുന്നുണ്ട്.
യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളാണ് എണ്ണവില പെട്ടെന്ന് ഉയരാൻ പ്രധാന കാരണം. ദമാമിലെ സിവിലിയൻ വിമാനത്താവളത്തിന് നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കൂടാതെ സൗദിയിലെ പ്രമുഖ എണ്ണപ്പാടത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ വിളിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നീക്കം തുടങ്ങി. അതേസമയം, തെക്കൻ ഇറാനിലെ സിറികിൽ ബുധനാഴ്ച ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചു. വടക്കൻ പേർഷ്യൻ ഉൾക്കടലിൽ അനധികൃത എണ്ണക്കടത്തിൽ ഏർപ്പെട്ട നാല് കപ്പലുകളെ ബുധനാഴ്ച ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.
മറ്റ് മൂന്ന് കപ്പലുകൾ ഹോർമുസ് കടലിടുക്കിലെ പടിഞ്ഞാറ് മൈനുകളിൽ തട്ടി തകർന്നതായും ഐആർജിസി വ്യക്തമാക്കി. പ്രകോപനം തുടർന്നാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പുണ്ട്. ഇത്തരം വിതരണ തടസങ്ങൾ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.