മോദി വീണ്ടും വരുമെന്ന് എക്സിറ്റ് പോളുകള്‍, ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം; 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വ്യാപാരം

By Web TeamFirst Published May 20, 2019, 4:29 PM IST
Highlights

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് വന്‍ മുന്നേറ്റമുണ്ടായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.72 എന്ന നിലയിലാണ്. വെളളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 70.23 എന്ന താഴ്ന്ന നിരക്കിലായിരുന്നു. സെന്‍സെക്സ് 1,421 പോയിന്‍റാണ് ഉയര്‍ന്നത്. ഇതോടെ സൂചിക 39,352 ലേക്ക് കുതിച്ചുകയറി. 

മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന ഏകദിന വ്യാപാരം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന് അധികാര തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിച്ചത്. 

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് വന്‍ മുന്നേറ്റമുണ്ടായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.72 എന്ന നിലയിലാണ്. വെളളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 70.23 എന്ന താഴ്ന്ന നിരക്കിലായിരുന്നു. സെന്‍സെക്സ് 1,421 പോയിന്‍റാണ് ഉയര്‍ന്നത്. ഇതോടെ സൂചിക 39,352 ലേക്ക് കുതിച്ചുകയറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വന്‍ മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റി 3.7 ശതമാനം ഉയര്‍ന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 11,828 ലെത്തി.

ഏതാണ്ട് എല്ലാ ഓഹരികളും നേട്ടത്തിലാണ്. ബാങ്കിങ്, ഓട്ടോ ഓഹരികള്‍ വന്‍ മുന്നേറ്റം പ്രകടിപ്പിച്ചു. നിഫ്റ്റിയില്‍ ബാങ്കിങ് ഓഹരികളും ഓട്ടോ സൂചികയും നാല് ശതമാനം വീതം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് ഓഹരികള്‍ എട്ട് മുതല്‍ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ സ്റ്റേറ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 8.5 ശതമാനം ഉയര്‍ന്നു. ടാറ്റാ മോട്ടേഴ്സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര, മാരുതി, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നേട്ടമുണ്ടാക്കി. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!