
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത കടുത്ത ഭീതിയില്‍ വിപണി കൂപ്പുകുത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 2,743 പോയിന്റും നിഫ്റ്റി 519 പോയിന്റും ഇടിഞ്ഞിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്ന് 7.8 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. ഉച്ചയോടെ സെന്‍സെക്‌സ് നഷ്ടത്തിന്റെ തോത് കുറച്ച് 1,300 പോയിന്റിലധികം ഇടിഞ്ഞ് 80,000-ത്തിന് താഴെയെത്തി.
1. ഖമനെയിയുടെ മരണം: യുദ്ധഭീതി അമേരിക്കയും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതാണ് വിപണിയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങിയതോടെ എണ്ണസമ്പന്നമായ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറി.
2. ക്രൂഡ് ഓയില്‍ വില കുതിക്കുന്നു യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 6 ശതമാനം വര്‍ധിച്ച് ബാരലിന് 77.08 ഡോളറിലെത്തി. ലോകത്തെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപം മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാക്കി. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്ന് ബാര്‍ക്ലേയ്സ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
3. തളര്‍ന്ന് രൂപ എണ്ണവില വര്‍ധിച്ചതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. ഒരു മാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 91 കടന്നു. രൂപ ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
4. വിദേശ നിക്ഷേപകര്‍ കൈവിടുന്നു കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 7,536 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇത് വിപണിയിലെ ആത്മവിശ്വാസം തകര്‍ത്തു. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 12,293 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.
ലാഭത്തിലും നഷ്ടത്തിലും ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ പ്രമുഖ ഓഹരികള്‍ 2 മുതല്‍ 4 ശതമാനം വരെ നഷ്ടം നേരിട്ടു. എന്നാല്‍ യുദ്ധസാഹചര്യം പ്രതിരോധ മേഖലയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. റിയല്‍റ്റി, ഓട്ടോ, ഐടി വിഭാഗങ്ങളും കനത്ത തകര്‍ച്ചയിലാണ്.