ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2032-ഓടെ 5% വിപണി വിഹിതം നേടുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ക്കായി ഒരു 'പ്ലേബുക്കും' പുറത്തിറക്കിയിട്ടുണ്ട്. ഈ നീക്കം രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോക വിപണിയില്‍ മുന്‍നിരയിലെത്തിക്കുന്നതിനുമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ 5 ശതമാനം സ്വന്തമാക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, തദ്ദേശീയ മൂല്യവര്‍ധനവ് മെച്ചപ്പെടുത്തുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ഈ സംരംഭം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഒരു കര്‍മസേന രൂപീകരിക്കും.
മാര്‍ഗനിര്‍ദേശങ്ങളുമായി 'പ്ലേബുക്ക്'
മേഖലയുടെ വളര്‍ച്ചയ്ക്കായി കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കുമായി 'ടോയ് സെക്ടര്‍ പ്ലേബുക്ക്' എന്ന പേരില്‍ പ്രായോഗികമായ ഒരു മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മികച്ച നിര്‍മ്മാണ രീതികള്‍, കയറ്റുമതിക്കുള്ള അവസരങ്ങള്‍, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ഗുണനിലവാര മാനദണ്ഡങ്ങള്‍, നിയമപരമായ വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഈ പ്ലേബുക്കിലുണ്ട്. ഇത് ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ മുന്നേറാന്‍ വ്യാപാരികളെ സഹായിക്കും.
വ്യവസായ മേഖലയുമായി ചര്‍ച്ചകള്‍ നടത്തി കയറ്റുമതിയും തദ്ദേശീയ ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കെയില്‍ പദ്ധതിക്ക് കീഴിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കുതിച്ചുയര്‍ന്ന് കളിപ്പാട്ട വിപണി
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ചും തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും ഗുണനിലവാരം വര്‍ധിപ്പിച്ചും സമീപകാലത്ത് ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം വലിയ വളര്‍ച്ചയാണ് നേടിയത്. പുതിയ പദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിലെ ഒരു പ്രധാന ആഗോള കേന്ദ്രമാക്കി മാറ്റാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പുതിയ കര്‍മസേനയും വ്യവസായത്തിന് അനുയോജ്യമായ പ്ലേബുക്കും വരുന്നതോടെ ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് ലോകവിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.


