
ദില്ലി: ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെയാണ് നിക്ഷേപകരുള്ളത്. സെൻസെക്സ് 544.97 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയത്. 0.94 ശതമാനമാണ് നേട്ടം. 58559.14 പോയിന്റിലാണ് ബിഎസ്ഇ സെൻസെക്സ് വ്യാപാരം ആരംഭിച്ചത്.
വിപണിയിലെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്. നിഫ്റ്റിയിലും മികച്ച നേട്ടം ബജറ്റ് ദിനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് നിഫ്റ്റി 17500 ലേക്ക് നീങ്ങുകയാണ്. രാവിലെ 145.70 പോയിന്റ് ഉയർന്നാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. 0.84 ശതമാനമാണ് നേട്ടം. 17485.50 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് നിഫ്റ്റിയിൽ 1510 ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോൾ 473 ഓഹരികളുടെ മൂല്യം താഴേക്ക് പോയി. എന്നാൽ 65 ഓഹരികളുടെ മൂല്യത്തിൽ വ്യത്യാസമുണ്ടായില്ല.
ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടാറ്റ മോട്ടോർസ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ ഓഹരികളുടെ മൂല്യം താഴേക്ക് പോയി.