ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തയ്യാറായി ഇന്ത്യൻ വിപണികൾ, സംവത് 2077 പ്രതീക്ഷകളുമായി നിക്ഷേപകർ

By Web TeamFirst Published Nov 14, 2020, 5:41 PM IST
Highlights

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മുഹൂർത്ത വ്യാപാരത്തിന് തയ്യാറായി. 
 

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ഇന്ന് ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടക്കും. സംവത് 2077 ന്റെ ആദ്യ ദിനമായ ഇന്ന് വൈകിട്ട് 06.15 മുതൽ 07.15 വരെ ഒരു മണിക്കൂർ നിണ്ടുനിൽക്കുന്നതാണ് മുഹൂർത്ത വ്യാപാരം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മുഹൂർത്ത വ്യാപാരത്തിന് തയ്യാറായി. 

മുഹൂർത്ത വ്യാപാരത്തിന് ശേഷം അടയ്ക്കുന്ന ഇന്ത്യൻ ഓഹരി വിപണിക‌ൾ ഇനി ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ശുഭദിനമായി കരുതുന്ന സംവത് 2077 ന്റെ ആദ്യ ദിനത്തിലെ വ്യാപാര നേട്ടം വർഷാവസാനം വരെ ആവർത്തിക്കും എന്നതാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്.  

ഈ വർഷം മികച്ചതാകുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. നിക്ഷേപകരും സംവത് 2077 നെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 

"ദീപാവലിയിൽ ഒരു മണിക്കൂറോളം സ്റ്റോക്ക് മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം നടക്കും... ദീപാവലിയും പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ, ഈ ദിവസത്തെ മുഹൂർത്ത് വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ”എൻ എസ് ഇ പ്രസ്താവനയിൽ പറഞ്ഞു.

click me!