ഐപിഒയില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണോ? പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

Published : Sep 01, 2026, 03:08 PM IST
ipo

Synopsis

ഐപിഒയിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപകർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കമ്പനിയുടെ കടങ്ങൾ, ഓഹരി വിലയിലെ വർധന, പ്രൊമോട്ടർമാരുടെ പശ്ചാത്തലം, ചെലവുകൾ മറച്ചുവെക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം.

നിരവധി കമ്പനികളാണ് ഇപ്പോള്‍ ഐപിഒയുമായി വിപണിയില്‍ എത്തുന്നത്. ഇതിൽ പണം നിക്ഷേപിക്കുന്നതിന് മുന്‍പായി താഴെ പറയുന്ന ചില മുന്നറിയിപ്പുകള്‍ നിക്ഷേപകര്‍ ഉറപ്പായും അറിഞ്ഞിരിക്കണം.

നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്: കമ്പനിയുടെ വളര്‍ച്ചയ്ക്കായി മൂലധനം കണ്ടെത്തുന്നതിന് പകരം, നിലവിലെ നിക്ഷേപകര്‍ക്ക് തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാന്‍ മാത്രമാണോ ഐപിഒ എന്ന് ശ്രദ്ധിക്കണം

ഓഹരി വിലയിലെ അസ്വാഭാവിക വര്‍ധന: ഐപിഒയ്ക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ട വില പരിശോധിക്കുക. ആറുമാസം മുന്‍പ് നല്‍കിയതിന്റെ ഇരട്ടി വിലയിലാണ് ഐപിഒ എങ്കില്‍, അത് ന്യായീകരിക്കുന്ന മാറ്റങ്ങള്‍ കമ്പനിക്കുണ്ടായോ എന്ന് ഉറപ്പുവരുത്തണം.

ചെലവുകള്‍ മറച്ചുവെക്കുന്നത്: ഐപിഒയ്ക്ക് തൊട്ടുമുന്‍പ് പരസ്യങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കി നഷ്ടം കുറച്ചു കാണിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി നിക്ഷേപകര്‍ പരിശോധിക്കുക.

ഹ്രസ്വകാല കടങ്ങള്‍: ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള കടങ്ങള്‍ വേര്‍തിരിച്ചു കാണണം. ഹ്രസ്വകാല കടങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തിലെ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്.

തൊട്ടുമുന്‍പുള്ള ഫണ്ട് ശേഖരണം: ഐപിഒയ്ക്ക് തൊട്ടുമുന്‍പ് കമ്പനി ഫണ്ട് സമാഹരിച്ചിട്ടുണ്ടോ, ഏത് സാഹചര്യത്തിലാണ്, എത്ര മൂല്യത്തിലാണ് ഇത് ചെയ്തത് എന്ന് പരിശോധിക്കണം

ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും: പ്രൊമോട്ടര്‍മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും കൂടുതലാണോ എന്ന് നോക്കണം.

കണ്ടിന്‍ജന്റ് ലയബിലിറ്റി: ഭാവിയില്‍ കമ്പനിക്ക് ബാധ്യതയായേക്കാവുന്ന നികുതി തര്‍ക്കങ്ങള്‍, നിയമപ്രശ്‌നങ്ങള്‍, ഗ്യാരന്റികള്‍ എന്നിവയാണിത്. കമ്പനിയുടെ ആസ്തിയെക്കാള്‍ വലിയ ബാധ്യതകള്‍ ഭാവിയില്‍ വരാനുണ്ടെങ്കില്‍ അത് ബാലന്‍സ് ഷീറ്റിനെ ബാധിക്കും.

പ്രൊമോട്ടര്‍മാരുടെ പശ്ചാത്തലം: അടിക്കടി ബിസിനസ് മാറ്റുന്നവരാണോ പ്രൊമോട്ടര്‍മാര്‍ എന്ന് ശ്രദ്ധിക്കുക. ബന്ധപ്പെട്ട കക്ഷികളുമായുള്ള വലിയ ഇടപാടുകള്‍, ഓഡിറ്റര്‍മാരുടെ മുന്നറിയിപ്പുകള്‍ എന്നിവയും പരിശോധിക്കണം

കടലാസിലെ ലാഭം മാത്രം: വര്‍ഷാവര്‍ഷം രേഖകളില്‍ ലാഭം കാണിക്കുകയും, എന്നാല്‍ കമ്പനിയിലേക്ക് പണമൊഴുക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നത് വലിയൊരു അപായ സൂചനയാണ്.

കൂടാതെ, ഒന്നോ രണ്ടോ ഉപഭോക്താക്കളെയോ വിതരണക്കാരെയോ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന കമ്പനികളെ സൂക്ഷിക്കണം. കൂടാതെ, തുടര്‍ച്ചയായി പുതിയ ഓഹരികള്‍ ഇറക്കുന്നത് നിലവിലെ ഓഹരിയുടമകളുടെ മൂല്യം കുറയ്ക്കാനിടയാക്കും.

PREV
Read more Articles on
click me!

Recommended Stories

ചൂട് ചായ വേണ്ട, കൂള്‍ ഡ്രിങ്ക്‌സ് മതി; സ്റ്റാര്‍ബക്‌സിനെ വരെ മാറ്റി ചിന്തിപ്പിച്ച 'ജെന്‍സി' ട്രെന്‍ഡ്
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ വരുന്നു; ജിയോ പ്ലാറ്റ്ഫോംസിന് സെബിയുടെ പച്ചക്കൊടി