ചൂട് ചായ വേണ്ട, കൂള്‍ ഡ്രിങ്ക്‌സ് മതി; സ്റ്റാര്‍ബക്‌സിനെ വരെ മാറ്റി ചിന്തിപ്പിച്ച 'ജെന്‍സി' ട്രെന്‍ഡ്

Published : Sep 01, 2026, 02:40 PM IST
Gen Z

Synopsis

പുതിയ തലമുറയായ ജെൻ സിക്ക് ചൂട് ചായ, കോഫി എന്നിവയെക്കാൾ പ്രിയം തണുത്ത പാനീയങ്ങളോടാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനവും ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും ഈ ട്രെൻഡിന് കാരണമാകുമ്പോൾ, സ്റ്റാർബക്സ് പോലുള്ള കമ്പനികൾക്ക് ഇത് വലിയ ലാഭം നേടിക്കൊടുക്കുന്നു.

മലയാളികളോട് ഏത് നട്ടപ്പൊരി വെയിലത്തും കുടിക്കാൻ എന്ത് വേണം എന്ന് ചോദിച്ചാൽ ചായ എന്ന് മറുപടി കിട്ടും. വെറും ചായ അല്ല, നല്ല ചൂട് ചായ... ഇൻസ്റ്റഗ്രാമിൽ ഒരു ചായ റീൽ എങ്കിലും കാണാത്ത ദിവസവും നമുക്ക് കുറവായിരിക്കും. എന്നാൽ, റിപ്പോർട്ടുകൾ പറയുന്നത് ഇത് 90 സ് തൊട്ട് മോളിലോട്ട് ഉള്ളവരുടെ കാര്യമാണെന്നാണ്. ജെൻ സികൾക്ക് ചൂടൻ ചായയേക്കാളും കോഫിയേക്കാളും കൂടുതലിഷ്ടം തണുത്ത പാനീയങ്ങളോടാണത്രേ!

ഇതിന് കഫേകളെന്നോ ബേക്കറികളെന്നോ വ്യത്യാസമില്ല. അഞ്ച് പതിറ്റാണ്ട് മുന്‍പ് ഒരു കോഫി ഷോപ്പായി തുടങ്ങിയ സ്റ്റാര്‍ബക്‌സില്‍ ഇപ്പോള്‍ വിറ്റഴിയുന്ന നാലില്‍ മൂന്ന് പാനീയങ്ങളും തണുത്തതാണെന്നാണ് കണക്കുകൾ. ഐസ്ഡ് ഫ്രൂട്ട് ഡ്രിങ്ക്‌സ്, പ്രോട്ടീന്‍ ഷേക്കുകള്‍, ഫോമും സിറപ്പും ജ്യൂസും ചേര്‍ന്ന 'ഡേര്‍ട്ടി സോഡകള്‍' എന്നിവയാണ് ഇന്നത്തെ താരങ്ങള്‍. 1997-നും 2012-നും ഇടയില്‍ ജനിച്ച 'ജെന്‍ സി' തലമുറ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന തണുത്ത പാനീയങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം

സോഷ്യല്‍ മീഡിയയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്. ടിക് ടോക്കില്‍ വലിയ തരംഗമായ സ്റ്റാര്‍ബക്‌സിന്റെ 'യൂണികോണ്‍ ഫ്രാപ്പുച്ചിനോ' ഓഗസ്റ്റില്‍ വെറും മൂന്ന് ദിവസം മാത്രമാണ് വില്‍പനയ്ക്ക് എത്തിയത്. വ്യത്യസ്ത നിറങ്ങളും ക്രീമും അടങ്ങിയ ഈ പാനീയം സ്റ്റാര്‍ബക്‌സിലേക്കുള്ള ആളുകളുടെ വരവ് 44 ശതമാനം വര്‍ധിപ്പിച്ചതായി പ്ലേസര്‍.എഐ എന്ന ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനം പറയുന്നു. മാക്‌ഡൊണാള്‍ഡ്‌സ്, ചിക്ക്-ഫില്‍-എ, ടാക്കോ ബെല്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളും പുതിയ 'റിഫ്രഷറുകളും' മറ്റ് കോള്‍ഡ് ഡ്രിങ്കുകളും വിപണിയിലിറക്കിയിട്ടുണ്ട്.

ലാഭം കൊയ്ത് കമ്പനികള്‍

ഇത് അമേരിക്കയിലെ മാത്രം ട്രെന്‍ഡല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യുകെയിലെ കണക്കുകള്‍ പ്രകാരം 25 വയസ്സിന് താഴെയുള്ളവര്‍ പുറത്തുപോകുമ്പോള്‍ വാങ്ങുന്നവയില്‍ 60 ശതമാനത്തിലധികവും തണുത്ത പാനീയങ്ങളാണ്. എന്നാല്‍ 55 വയസിന് മുകളിലുള്ളവരില്‍ ഇത് വെറും 30 ശതമാനം മാത്രമാണ്. വേനല്‍ക്കാലത്ത് മാത്രമല്ല, വര്‍ഷം മുഴുവനും 70 ശതമാനത്തിലധികം ആളുകള്‍ തണുത്ത പാനീയങ്ങള്‍ വാങ്ങുന്നുണ്ടെന്നും, വേനല്‍ക്കാലത്ത് ഇത് 80 ശതമാനത്തിന് മുകളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ചെറിയ മാറ്റങ്ങള്‍ പാനീയങ്ങളില്‍ വരുത്തിക്കൊടുക്കുന്നത് കമ്പനികള്‍ക്ക് വലിയ ലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. വില്‍പന കുറഞ്ഞ് പ്രതിസന്ധിയിലായിരുന്ന സ്റ്റാര്‍ബക്‌സിനെ തിരിച്ചുകൊണ്ടുവന്നത് ഈ തണുത്ത പാനീയങ്ങളാണ്. യുഎസില്‍ കമ്പനിയുടെ പാനീയ വില്‍പനയുടെ 70 ശതമാനത്തിലധികവും ഇപ്പോള്‍ ഈ വിഭാഗത്തില്‍ നിന്നാണ് വരുന്നത്. ഇത് അവരുടെ ബിസിനസ് തന്ത്രത്തിന്റെ തന്നെ പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ വരുന്നു; ജിയോ പ്ലാറ്റ്ഫോംസിന് സെബിയുടെ പച്ചക്കൊടി
ഇന്ത്യൻ ധനകാര്യ ലോകത്തെ അതികായന്മാർ ആരെല്ലാം? ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ് പുറത്ത്, ഒന്നാമത് ഉദയ് കൊട്ടക്