വിപണിയിൽ സൊമാറ്റോയുടെ മാസ് എൻട്രി: ചർച്ചയായി സിഇഒയുടെ കത്ത്, സ്വിഗ്ഗി മികച്ച ആപ്ലിക്കേഷനെന്ന് ദീപിന്ദർ ഗോയൽ

By Web TeamFirst Published Jul 23, 2021, 11:22 PM IST
Highlights

"കമ്പനിയുടെ പത്തിൽ അധികം വർഷത്തെ യാത്ര എല്ലായ്പ്പോഴും സുഗമമായിരുന്നില്ല. നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്."

പിഒയിൽ (പ്രാഥമിക ഓഹരി വിൽപ്പന) നിക്ഷേപകരുടെ ഭാ​ഗത്ത് നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ ഓഹരി വിപണിയിലും വൻ മുന്നേറ്റം നടത്തി സൊമാറ്റോ. ലിസ്റ്റിം​ഗിന് പിന്നാലെ സൊമാറ്റോ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിൽ 138 രൂപയിലേക്ക് കുതിച്ചുകയറി. ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി.

സൊമാറ്റോ കമ്പനിയുടെ നിർണായക ദിവസത്തിലെ മുന്നേറ്റം വിപണിയെ അതിശയിപ്പിക്കുന്നതായിരുന്നു. സൊമാറ്റോ സഹ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ വെള്ളിയാഴ്ച ഓഹരി ഉടമകൾക്ക് ഒരു കത്തെഴുതി. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കമ്പനി പ്രവേശിച്ച ദിവസം പ്രസിദ്ധീകരിച്ച ഗോയലിന്റെ കത്ത് ഏറെ ചർച്ചയായി. 

കമ്പനിയുടെ ഭാവിയെപ്പറ്റി വലിയ ആത്മവിശ്വസം പുലർത്തുന്ന കത്തിൽ സൊമാറ്റോയുടെ മുന്നേറ്റത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇന്ത്യൻ ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയുടെ ഭാവിയെക്കുറിച്ചും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ചു അദ്ദേഹം പറയുന്നു.  

തന്റെ കത്തിൽ, എതിരാളിയായ സ്വിഗ്ഗിയെ ഗോയൽ പരാമർശിച്ചു, ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും എന്ന് അദ്ദേഹം പറയുന്നു. "ഞാൻ ഇന്ത്യയിൽ ഉറച്ച വിശ്വാസിയാണ്, ഇന്ത്യ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിപണിയാണ്, എന്നാൽ നിങ്ങൾ ഇന്ത്യയിൽ വിജയിക്കാൻ പരിശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഇതിനകം അസാധാരണരാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ലോകോത്തരമെന്ന് സ്വയം വിളിക്കുന്നതിന് മുമ്പായി ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്..."

കമ്പനിയുടെ പത്തിൽ അധികം വർഷത്തെ യാത്ര എല്ലായ്പ്പോഴും സുഗമമായിരുന്നില്ല. നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. കമ്പനിക്ക് നല്ലതായ നിരവധി തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ട്, ചിലത് ഞങ്ങളുടെ പങ്കാളികൾക്ക് വളരെയധികം മനപ്രയാസത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേ​ഹം കത്തിൽ പറയുന്നു.

ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും, ഞങ്ങളുടെ ടെക് / എഞ്ചിനീയറിംഗ് ടീമിന്റെ പകുതിയും ദീർഘകാല സംരംഭങ്ങളിൽ പ്രവർത്തിക്കുന്നു. നല്ലതും അർത്ഥവത്തായതുമായ എന്തും നിർമ്മിക്കാൻ പതിറ്റാണ്ടുകൾ എടുക്കുമെന്ന് ഞങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു.

ഞങ്ങൾ 10 വർഷത്തേക്കും അതിനപ്പുറത്തേക്കും നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നു, മാത്രമല്ല കമ്പനിയുടെ ദീർഘകാല വിജയത്തിനായി ഹ്രസ്വകാല ലാഭത്തിനായുള്ള ഞങ്ങളുടെ ഗതിയിൽ മാറ്റം വരുത്താനും പോകുന്നില്ല. സൊമാറ്റോ ഐപിഒയോടുള്ള അതിശയകരമായ പ്രതികരണം, ഞങ്ങൾ നടത്തുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയെ വിലമതിക്കുന്നതും കമ്പനിയുടെ ബിസിനസ്സിനെക്കുറിച്ച് ദീർഘകാല വീക്ഷണം സ്വീകരിക്കുന്നതുമായ നിക്ഷേപകർ ആത്മവിശ്വാസം നൽകുന്നതാണ്.

ഇന്നത്തെ സൊമാറ്റോയെ സൃഷ്ടിക്കുന്നതിൽ നൂറുകണക്കിന് ആളുകൾ നിസ്വാർത്ഥമായി പങ്കുവഹിച്ചിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നില്ലെങ്കിലും പങ്കജ്, സൗറാബ്, മോഹിത് കുമാർ, മുകുന്ദ്, അക്ഷർ തുടങ്ങി നിരവധി പേരുടെ സ്വാധീനം ഇപ്പോഴും സൊമാറ്റോയിൽ അനുഭവപ്പെടുന്നു. 

ഇന്ന് ഞങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാനമായ ദിവസമാണ്. ഇന്ത്യയുടെ മുഴുവൻ ഇന്റർനെറ്റ് ഇക്കോസിസ്റ്റത്തിന്റെയും അവിശ്വസനീയമായ ശ്രമങ്ങളില്ലാതെ ഞങ്ങൾക്ക് ഇവിടെ എത്താൻ കഴിയില്ല. ജിയോയുടെ വളർച്ച നമ്മളെയെല്ലാം അഭൂതപൂർവമായ തോതിൽ നേട്ടങ്ങൾക്ക് സജ്ജമാക്കി. ഫ്ലിപ്കാർട്ട്, ആമസോൺ, ഓല, ഉബർ, പേടിഎം എന്നിവക്കുറിച്ചും അദ്ദേഹം കത്തിൽ പരമാർശിക്കുന്നു. നിക്ഷേപകരായി ഒപ്പം നിന്ന എല്ലാവരോടും ദീപിന്ദർ ഗോയൽ നന്ദി പറയുന്നു, കൂടാതെ മറ്റ് നിരവധി സ്റ്റാർട്ടപ്പുകളും ഭാവിയിലേക്ക് മുന്നോട്ട് പോകാനുള്ള അവസരം ഇത് സൃഷ്ടിക്കുന്നുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി. 

ഞങ്ങൾ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് എനിക്കറിയില്ല- എല്ലായ്പ്പോഴും സൊമാറ്റോയ്ക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി നൽകാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾ ഇവിടെയുണ്ട് എന്നത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ നമ്മേക്കാൾ വലുതായി സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ അവിശ്വസനീയമായ എന്തെങ്കിലും അവർ കെട്ടിപ്പടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!