എടിഎം കാര്‍ഡുകളും മൊബൈല്‍ പേയ്മെന്റും ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്

By Web DeskFirst Published Feb 17, 2018, 7:09 PM IST
Highlights

ദില്ലി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ–വാലറ്റുകള്‍ എന്നിവയിലെ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നു. 50,000 രൂപയില്‍ താഴെയാണ് മിക്ക ആളുകള്‍ക്കും ഇങ്ങനെ നഷ്‌ടമാകുന്നതെന്ന വിവരവും ആഭ്യന്തര മന്ത്രാലയം നല്‍കുന്നു.

പല മാര്‍ഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. പലപ്പോഴും ഉപഭോക്താക്കളെ തന്നെ തെറ്റിദ്ധരിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയും ഫോണ്‍ വിളിച്ച് വണ്‍ ടൈം പാസ്‍വേഡ് ചോദിച്ചുമൊക്കെയാണ് തട്ടിപ്പുകാര്‍ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത്. എന്നാല്‍ ചില കേസുകളില്‍ ഉപയോക്താവ് അറിയാതെ തങ്ങളുടെ ക്രെ‍ഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, എ.ടി.എം പിന്‍ തുടങ്ങിയവ തട്ടിപ്പുകാര്‍ സ്വന്തമാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തട്ടിപ്പ് നടന്ന വിവരം ഉപഭോക്താവ് അറിയുകയേ ഇല്ല. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനുപുറമെ സംസ്ഥാനങ്ങളുമായി സഹകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. ഇ–വാലറ്റ് കമ്പനി അധികൃതരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വെബ് പ്ലാറ്റ്ഫോം നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പറയുന്നു. 

click me!