
സൂറിച്ച്: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തില്‍ 50 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം രാജ്യത്ത് കൊണ്ടുവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ 2017ല്‍ ഇത് 50 ശതമാനം ഒറ്റയടിക്ക് വര്‍ദ്ധിച്ചു. 1.01 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) ആണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം. സ്വിസ് ബാങ്കുകളിലെ വിദേശികളുടെ നിക്ഷേപത്തില്‍ മൊത്തം മൂന്ന് ശതമാനമാണ് വര്‍ദ്ധനവുണ്ടായതെന്ന് സ്വിസ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധിച്ച 2016ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 46 ശതമാനമാണ് സ്വിസ് ബാങ്കുകളില്‍ കുറഞ്ഞത്. അന്ന് 676 മില്യണ്‍ സ്വിസ് ഫ്രാങ്ക് (4500 കോടി രൂപ) ആയിരുന്നു നിക്ഷേപമുണ്ടായിരുന്നത്. നിക്ഷേപങ്ങളുടെ കണക്ക് സ്വിസ് ബാങ്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയ കാലം മുതലുള്ള ഏറ്റവും കുറഞ്ഞ തുകയായിരുന്നു അത്. 2017 ആയപ്പോഴേക്കും ഇത് 50 ശതമാനം വര്‍ദ്ധിച്ചു.
ബാങ്കുകളിലെ നിക്ഷപത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മില്‍ കരാറുകളുണ്ടാക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സമയത്താണ് നിക്ഷേപത്തിലെ ഈ വര്‍ദ്ധനവ്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്ന വിദേശ നിക്ഷേപകരുടെ വിവരങ്ങളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്ക് നല്‍കാമെന്ന് സ്വിസ് ബാങ്കുകള്‍ സമ്മതിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ കുറഞ്ഞപ്പോള്‍, കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇന്ത്യക്കാരുടെ വിദേശത്തെ നിക്ഷേപം കണ്ടെത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.