ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് നീരവ് മോദി സംഭാവന നല്‍കിയെന്ന് ശിവസേന

By Web DeskFirst Published Feb 19, 2018, 12:23 PM IST
Highlights

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലാണ്ആരോപണങ്ങള്‍. നീരവ് മോദി ബിജെപിയുടെ പാര്‍ട്ണറാണെന്നും തെരഞ്ഞെടുപ്പ് ഫണ്ടിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും സാംനയുടെ എഡിറ്റേറിയലില്‍ ആരോപണമുണ്ട്.

ജനുവരിയിലാണ് നീരവ് മോദി രാജ്യം വിട്ടത്. എന്നാല്‍ ആഴ്കകള്‍ക്ക് മുന്‍പ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വെച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട വിവരം പുറത്തുവന്നു. ബി.ജെ.പി നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് നീരവ് മോദി രാജ്യം കൊള്ളയടിച്ചത്. തെരഞ്ഞെടുപ്പുകളില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയെ സഹായിക്കുന്ന നിരവധി നീരവ് മോദിമാര്‍ ഇനിയും ഉണ്ടെന്നും ശിവസേന ആരോപിക്കുന്നു

നീരവിനെതിരെ നേരത്തെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹം ദാവോസില്‍ മറ്റ് വ്യവസായികള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ അടുത്തെത്തിയത്? നീരവ് രാജ്യം വിട്ടുകഴിഞ്ഞ ശേഷമാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ തുടങ്ങിയത്. അഴിമതി കാണിച്ച ലാലുപ്രസാദ് യാദവിനെ പോലുള്ളവര്‍ അഴികള്‍ക്കുള്ളിലാണ്. എന്നാല്‍ മദ്യരാജാവ് വിജയ് മല്യയും നീരവ് മോദിയുമൊക്കെ സര്‍ക്കാറിന്റെ മൂക്കിന് കീഴിലൂടെ വിദേശത്തേക്ക് കടന്നു. നൂറും അഞ്ഞൂറുമൊക്കെ രൂപയുടെ കടം തിരിച്ചടയ്‌ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപ അടിച്ചെടുത്ത് ചിലര്‍ രാജ്യം വിടുന്നതായും ശിവസേനാ മുഖപത്രം കുറ്റപ്പെടുത്തി.

click me!