എയര്‍ ഇന്ത്യയടക്കം 25 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ശുപാര്‍ശ

By Asianet NewsFirst Published Jun 15, 2016, 5:24 AM IST
Highlights

ദില്ലി: എയര്‍ ഇന്ത്യ, ഫാക്ട് എന്നിവയുള്‍പ്പെടെ 22 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്കു കൈമാറണമെന്നു നീതി ആയോഗിന്റെ നിര്‍ദ്ദേശം. ഫാക്ടിന്റെ പുനഃരുദ്ധാരണം നടപ്പാക്കിയശേഷം ഓഹരി വില്‍ക്കാനാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. 26 പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചുപൂട്ടുന്നതിനും നീതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 56425 കോടി രൂപ സമാഹരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു നീതി ആയോഗ് നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെ കണ്ടെത്തി ഓഹരി വിറ്റഴിക്കലിനും അടച്ചുപൂട്ടലിനും ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫാക്ട്, എയര്‍ ഇന്ത്യ, ചെന്നൈ പെട്രോളിയം, മദ്രാസ് ഫെര്‍ട്ടലൈസര്‍ ഉള്‍പ്പെടെയുള്ള 22 സ്ഥാപനങ്ങളുടെ ഓഹരികള്‍ തന്ത്രപരമായി വിറ്റഴിക്കുക എന്ന നിര്‍ദ്ദേശമാണു നീതി ആയോഗ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ കമ്പനികള്‍ പുനഃരുദ്ധരിച്ചതിനു ശേഷമാകും ഓഹരികള്‍ സ്വകാര്യമേഖലകള്‍ക്കു കൈമാറുക. നിലവില്‍ ഈ കമ്പനികളില്‍ 60 ശതമാനം വരെ ഓഹരിയാണു കേന്ദ്ര സര്‍ക്കാരിനുള്ളത്. 49 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കയ്യില്‍ നിര്‍ത്തി ബാക്കി വിറ്റഴിക്കുന്നതിനാണു നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പനഗരിയ പ്രധാനമന്ത്രിയുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നഷ്ടത്തിലുള്ള 74 പൊതു മേഖലാ സ്ഥാപനങ്ങളെക്കുറിച്ചു പറയുന്ന റിപ്പോര്‍ട്ടില്‍ 26 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും മൂന്ന് സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നതിനും നീതി അയോഗ് ശുപാര്‍ശ ചെയ്യുന്നു. നഷ്ടത്തിലുള്ള 16  കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ 14 സ്വകാര്യ വത്കരിക്കുന്നതിനും നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നു. നീതി ആയോഗിന്റെ ശുപാര്‍ശയില്‍ വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച നടത്തിയതിനു ശേഷമാകും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക.


 
 

click me!