സംസ്ഥാനത്ത് ഇനി വാണിജ്യ നികുതി ചെക്ക്പോസ്റ്റുകളില്ല

By Web DeskFirst Published Dec 1, 2017, 12:52 AM IST
Highlights

പാലക്കാട്: സംസ്ഥാനത്ത് ഇനി വാണിജ്യ നികുതി ചെക്ക്പോസ്റ്റ്കള്‍ ഇല്ല.  ചരക്ക് സേവന നികുതി നടപ്പിലായതോടെ ഭാഗികമായി പ്രവര്‍ത്തനരഹിതമായ ചെക്ക്പോസ്റ്റ് ഓഫീസുകള്‍ക്കും ഇന്നലെ രാത്രിയോടെ പൂട്ടുവീണു.  ജി.എസ്.ടി സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന വാളയാര്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ ചെക്പോസ്റ്റുകളിലെയും ജീവനക്കാരെ പുനര്‍വിന്യസിച്ചു കൊണ്ടാണ് വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായത്.  രാത്രി ഏറെ വൈകിയാണ് വാളയാര്‍ ചെക്ക്പോസ്റ്റും പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

വാളയാര്‍ ചെക്ക്പോസ്റ്റിലെ ഇരുനില കെട്ടിടത്തിന് മുന്നിലേക്ക് നീളുന്ന വാഹനങ്ങളുടെ നീണ്ട നിര പണ്ട് സ്ഥിരം കാഴ്ചയായിരുന്നു.  മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഇനി പഴങ്കഥയാവുകയാണ്. ജിഎസ്ടി നടപ്പിലായതോടെ , സഹായകേന്ദ്രം മാത്രമായി ചുരുങ്ങിയ വാണിജ്യ നികുതി ചെക്ക്പോസ്റ്റിന് ഇന്നലെ അവസാന പ്രവൃത്തിദിവസമായിരുന്നു. ഓഫീസില്‍ ജീവനക്കാര്‍ക്ക് ജില്ലാ കേന്ദ്രത്തിലേക്ക് പ്രധാനപ്പെട്ട രേഖകള്‍ കൈമാറുന്നതിന്‍റെ തിരക്കും അവസാന അടുക്കിപ്പെറുക്കലുമൊക്കെ ആയിരുന്നു ഇന്നലെ. ശേഷം  ജീവനക്കാര്‍ തന്നെ വാണിജ്യനികുതി വകുപ്പ് ഓഫീസെന്ന ബോര്‍ഡ് കെട്ടിടത്തില്‍ നിന്ന് അഴിച്ചുമാറ്റി. ഓഫീസ് പൂട്ടണം എന്നോര്‍ത്തപ്പോഴാണ്, പ്രവര്‍ത്തനം തുടങ്ങിയ കാലം തൊട്ട് 24 മണിക്കൂറും തുറന്നു തന്നെ ഇരുന്ന ഈ വാതിലുകള്‍ക്ക് സാക്ഷ പോലും ഇല്ലല്ലോ എന്ന് ഓര്‍മ്മിക്കുന്നത്. പിന്നെ വേഗം സാക്ഷ പിടിപ്പിച്ചു. പൂട്ടും വാങ്ങി.

രാത്രി പതിനൊന്ന് മണിയോടെ ഓഫീസ് പൂട്ടി  പുറത്തിറങ്ങി. ജോലിയില്‍ നിന്നും സ്ഥലംമാറ്റം കിട്ടി പലയിടത്തും പോയിട്ടുണ്ട്, പക്ഷേ, ആദ്യമാണ് ഓഫീസ് തന്നെ ഇല്ലാതായി,  മറ്റിടത്തേക്ക് ജീവനക്കാര്‍ വിന്യസിക്കപ്പെടുന്നത്. എന്നാല്‍ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് ഇനി എന്ത് എന്നുള്ള ചോദ്യം ബാക്കിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള ചെക്പോസ്റ്റുകളില്‍ നിന്ന് 603 പേരെയാണ് വിവിധ സെക്ഷനുകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. ഇതില്‍  ഏഴ് ചെക്പോസ്റ്റുകളില്‍ നിന്നായി 252 പേരും പാലക്കാട് ജില്ലയില്‍ നിന്നായിരുന്നു.

click me!