പേടിഎം പണി മുടക്കുന്നെന്ന് ഉപഭോക്താക്കളുടെ പരാതി പ്രളയം

By Web DeskFirst Published Dec 23, 2016, 2:30 PM IST
Highlights

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് ചേര്‍ക്കുന്ന പണം അക്കൗണ്ടില്‍ നിന്ന് കുറയ്ക്കപ്പെടുന്നുണ്ടെങ്കിലും വാലറ്റില്‍ എത്തുന്നില്ലെന്നതാണ് പ്രധാന പരാതി. ഇതുമൂലം പേടിഎം ഉപോഗിച്ചുള്ള ഇടപാടുകള്‍ നടത്താനാവുന്നില്ല. ഇതിന് പുറമേ വാലറ്റില്‍ ബാക്കിയുള്ള തുക എത്രയാണെന്ന് അറിയാന്‍ കഴിയുന്നില്ലെന്നും വാലറ്റില്‍ നിന്ന് പണം തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നും പരാതികളുണ്ട്. ഇത്തരം ഇടപാടുകള്‍ക്കൊന്നും ട്രാന്‍സാക്ഷന്‍ ഐ.ഡി ലഭ്യമാവാത്തത് ഇവ ട്രാക്ക് ചെയ്യാനും കഴിയാതാക്കുന്നു. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലസമയത്തും തങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും പരാതികളുണ്ട്.

എന്നാല്‍ സെര്‍വര്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ കൊണ്ട് സാധാരണയുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ തന്നെയാണ് ഇതെന്ന് പേടിഎം അധികൃതര്‍ വിശദീകരിക്കുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതിനാല്‍ മിക്ക ബാങ്കുകളുടെയും സെര്‍വറില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതടക്കമുള്ള പ്രശ്നങ്ങള്‍ കൊണ്ട് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുന്ന പണം വാലറ്റില്‍ എത്താതെ വരുന്നു. ഇങ്ങനെ പരാജയപ്പെടുന്ന ഇടപാടുകളിലെ പണം 48 മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ അക്കൗണ്ടില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇടപാടുകളിലെ വന്‍ വര്‍ദ്ധനവ് കണക്കിലെടുത്ത് സെര്‍വറുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ചില പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. സാധാരണ ഗതിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതാണ് പരാതികളും വര്‍ദ്ധിക്കാന്‍ കാരണമെന്ന് പേ.ടി.എം പറയുന്നു.

എന്നാല്‍ ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന പേ.ടി.എം ആപ്പില്‍ ചില തകരാറുകള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. ഇത് പരിഹരിച്ചശേഷം ആപിന്റെ പുതിയ പതിപ്പ് ആപ് സ്റ്റോറില്‍ ഉടന്‍ ലഭ്യമാക്കുമെന്നും അതോടെ ഐഫോണ്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് അറുതിയാവും. പണവും വിവരങ്ങളും പേ.ടി.എമ്മില്‍ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു.

click me!