വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുമില്ല

Published : Aug 03, 2023, 05:43 PM ISTUpdated : Aug 03, 2023, 07:43 PM IST
 വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുമില്ല

Synopsis

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുന്നെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സപ്ലൈക്കോ വിപണിയിൽ സാധനങ്ങളില്ല.

തിരുവനന്തപുരം : സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ ക്ഷാമം. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാർക്കറ്റുകളിലുമില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റിൽ 13 ഇനങ്ങളിൽ അരിയും ഉഴുന്നും ഉണ്ട്. ചെറുപയർ, വൻ പയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക്, മല്ലി അടക്കമുള്ളത് കിട്ടാനില്ല. ഉഴുന്ന് മാത്രം കഴിച്ച് ജീവിക്കാനാകുമോ എന്നാണ് കൊച്ചിയിലെ സപ്ലൈക്കോയിലെത്തിയ വീട്ടമ്മയുടെ ചോദ്യം. 

പൊതുവിപണിയിൽ അരിക്കും പച്ചക്കറികൾക്കുമെല്ലാം തൊട്ടാൽ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അൽപ്പം പോലും കുറഞ്ഞിട്ടില്ല. ഓണത്തോട് അടുത്തതോടെ അരിവിലയും കുതിച്ചുയരുന്നു. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയിൽ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സബ്സിഡി സാധനങ്ങൾ ലഭിക്കുന്ന സപ്ലൈക്കോയാണ്. ഇന്നലെ,സബ്സി‍ഡി പട്ടികയിൽ ഉൾപ്പെട്ട 13 ഇനങ്ങൾക്ക് എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ ഈ സാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുണ്ടോ എന്നതാണ് ചോദ്യം. 

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടുന്നെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സപ്ലൈക്കോ വിപണിയിൽ സാധനങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ പുറത്തെ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട സാചര്യമാണ് സാധാരണക്കാർ നേരിടുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും സബ്സിഡി ഇനങ്ങൾ കിട്ടാനില്ല. മുളകിന് മൂന്നിരട്ടിയിലേറെയാണ് പുറത്തെ വില.
പച്ചക്കറിക്ക് പിന്നാലെ കുതിച്ചുയർന്ന് അരിവിലയും; വിലക്കയറ്റത്തിന് കാരണം ആന്ധ്രയടക്കം സംസ്ഥാനങ്ങളിലെ കയറ്റുമതി

ഓണം മുന്നിൽ നിൽക്കെ വലിയ തിരക്കാണ് സപ്ലൈക്കോ വിപണിയിൽ പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിൽ ആശ്വാസം തേടി എത്തുന്നവർക്ക് സാധനങ്ങൾ നൽകാൻ കഴിയുമോ എന്നതിലും പ്രതിസന്ധി നിലനിൽക്കുകയാണ്. ടെൻഡർ നടപടികളിൽ ഉയർന്ന വില പറയുന്നതും സാധനങ്ങൾ വാങ്ങുന്നതിൽ സപ്ലൈക്കോക്ക് പ്രതിസന്ധി തീർക്കുന്നു. പഞ്ചസാരക്ക് അടക്കം കരാറുകാർ ആവശ്യപ്പെടുന്നത് ഉയർന്ന നിരക്കാണ്. വലിയ നിരക്കിൽ സാധനങ്ങൾ വാങ്ങി സബ്സിഡി നിരക്കിൽ നൽകുന്നത് കൊണ്ട് ഇത്തവണ മാത്രം ബാധ്യത 40 കോടിയാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. മൂവായിരം കോടി രൂപയുടെ കുടിശ്ശിക സർക്കാർ സപ്ലൈക്കോയ്ക്ക് നൽകാത്തതും പ്രതിസന്ധിയാണ്. അതേ സമയം, വ്യാപക ക്ഷാമമില്ലെന്നും സാധനങ്ങളെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ജിആർ അനിൽ വിശദീകരിക്കുന്നു. 

വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോ മാർക്കറ്റുകളിൽ കിട്ടാനുമില്ല

 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ