പഴയ ചെക്ക് ബുക്കുകള്‍ നാളെ കഴിഞ്ഞാല്‍ ഉപയോഗിക്കാനാവില്ല

By Web DeskFirst Published Sep 29, 2017, 9:24 PM IST
Highlights

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ നാളെ വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒക്ടോബര്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. പണമിടപാടുകള്‍ക്കായി അടുത്ത മാസം ഒന്നിന് ശേഷമുള്ള തീയ്യതികളില്‍ മാറാനുള്ള എസ്.ബി.ടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇവര്‍ പുതിയ ചെക്കുകള്‍ വാങ്ങണം.

നേരത്തെ എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്.ബി.ഐയുടെ ചെക്ക് ബുക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ഇത് ലഭിക്കാത്തവരുണ്ടെങ്കില്‍ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങാം. എ.ടി.എം കൗണ്ടറുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റിലൂടെയും ചെക്ക്ബുക്കിന് റിക്വസ്റ്റ് നല്‍കാന്‍ സാധിക്കും. എന്നാല്‍ നേരത്തെ എസ്.ബി.ടി നല്‍കിയ പാസ്ബുക്ക്, എ.ടി.എം/ഡെബിറ്റ് കാര്‍ഡ് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം. ലയനത്തിന് പിന്നാലെ എസ്.ബി.ടി ശാഖകളുടെ ഐ.എഫ്.എസ്. കോഡ് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ ഐ.എഫ്.എസ് കോഡും സ്വീകരിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ കോഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.

click me!