ഓണം ബംബറില്‍ 10 കോടി സ്വന്തമാക്കിയ ആ ഭാഗ്യവാനെ കണ്ടെത്തി

By Web DeskFirst Published Sep 23, 2017, 4:55 PM IST
Highlights

മലപ്പുറം: ഇന്നലെ നറുക്കെടുത്ത ഓണം ബമ്പര്‍ സമ്മാനജേതാവിനെ കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്‌തഫയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്. ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30 കോടി രൂപ മുസ്‌തഫക്ക് സ്വന്തമാവും. ദീർഘകാലം പ്രവാസിയായിരുന്ന മുസ്തഫ അടുത്തിടെയാണ് നാട്ടിലെത്തിയത്.ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു.

പരപ്പനങ്ങാടിയില്‍ വിറ്റ AJ 442876 എന്ന നമ്പറിനാണ് പത്തുകോടി രൂപ അടിച്ചത്. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്.  സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് മുസ്‌തഫക്ക് ലഭിക്കുന്നത്. ടിക്കറ്റ് വിറ്റയാള്‍ക്കും ഏകദേശം 90 ലക്ഷത്തോളം രൂപ ലഭിക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്നലെ ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ജി.എസ്.ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്‍പ്പനയിലൂടെ ലഭിച്ച ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റിലൂടെ സര്‍ക്കാരിന് ലഭിച്ചത്. അച്ചടിച്ച ടിക്കറ്റ് മുഴുവന്‍ വിറ്റുപോയിരുന്നു. സമാശ്വാസ സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷം രൂപയും നാലാം ലക്ഷം അഞ്ചു ലക്ഷം രുപയും അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 

click me!