ജഡായു എര്‍ത്ത് സെന്ററില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സ്വാതന്ത്ര്യദിനം മുതല്‍

By Web TeamFirst Published Aug 15, 2018, 12:57 PM IST
Highlights

ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും.

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്‌ നടത്തേണ്ടത്. 

ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക്‌ ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.

ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്‌ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്‌ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക. ശീതളപാനീയങ്ങളോ, ലഘുഭക്ഷണമോ അടക്കം കഫറ്റീരിയയില്‍ ലഭ്യമായ ഭക്ഷണം വാങ്ങികഴിക്കുന്നതിന് ടോപ് അപ് ചെയ്യാവുന്ന ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത സേവനങ്ങളാണ് ജഡായു എര്‍ത്ത് സെന്ററില്‍ ഒരുക്കിയിട്ടുളളത്.


 

click me!