എണ്ണ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഒപെക്: ഇന്ധനവില ഇനിയും വർധിക്കും

By Web TeamFirst Published Sep 24, 2018, 9:25 AM IST
Highlights

രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാൻ ഉത്പാദനം കൂട്ടണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ്യം തള്ളിയാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്  നിലവിലെ ഉത്പാദന പരിധി തുടരാന്‍ തീരുമാനിച്ചത്. 

റിയാദ്:എണ്ണ ഉത്പാദന നയത്തിൽ മാറ്റം വരുത്താതെ ഒപെക് രാജ്യങ്ങൾ. അൽജീരിയയിൽ ചേർന്ന ഒപെക് യോഗത്തിലാണ് എണ്ണ ഉത്പാദനം കൂട്ടേണ്ടതില്ലെന്ന തീരുമാനം ഒപെക് രാജ്യങ്ങള്‍ ചേര്‍ന്ന് എടുത്തത്.

രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാൻ ഉത്പാദനം കൂട്ടണമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആവശ്യം തള്ളിയാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്  നിലവിലെ ഉത്പാദന പരിധി തുടരാന്‍ തീരുമാനിച്ചത്. നിലവിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ വിപണിയിൽ ലഭ്യമെന്നാണ് ഒപെകിന്‍റെ വിലയിരുത്തൽ. ജൂണിൽ തീരുമാനിച്ച ഉത്പാദന നിയന്ത്രണം അതേപടി തുടരാനാണ് യോഗത്തിലെ തീരുമാനം.

ഒപെകില്‍ ഉള്‍പ്പെടാത്ത പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയും എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ട്രംപിന്‍റെ ആവശ്യം തള്ളി. ഇറാനും എണ്ണ ഉദ്പാദന നിയന്ത്രണം പിൻവലിക്കണമെന്ന നിലപാട് സ്വീകരിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഒപെക് രാജ്യങ്ങൾ ചേര്‍ന്ന് പ്രതിദിനം 6 ലക്ഷം ബാരൽ ഉൽപാദനമാണ് കുറച്ചത്. എണ്ണ ഉത്പാദന നിയന്ത്രണം തുടന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും വർധിക്കും. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഗുരുതരമായി ബാധിക്കും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത. തീരുമാനത്തിൽ മാറ്റം വരണമെങ്കിൽ അടുത്ത ഒപെക് യോഗം ചേരുന്ന ഡിസംബർ വരെ കാത്തരിക്കണം

click me!