പാരഡൈസ് വെളിപ്പെടുത്തല്‍; നികുതി സ്വർഗ്ഗങ്ങളുടെ രഹസ്യസ്വഭാവം തകർന്നെന്ന് ജയ്റ്റിലി

By Web DeskFirst Published Nov 7, 2017, 11:27 AM IST
Highlights

ദില്ലി: പാരഡൈസ് പേപ്പർ വെളിപ്പെടുത്തലിലൂടെ നികുതി സ്വർഗ്ഗങ്ങളുടെ രഹസ്യസ്വഭാവം തകർന്നിരിക്കുകായാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. പട്ടികയിലുള്ള ചില കമ്പനികളെക്കുറിച്ച് നേരത്തെ അന്വേഷണം തുടങ്ങിയതാണെന്നും ധനമന്ത്രാലയം അറിയിച്ചു. മാധ്യമസ്ഥാപനങ്ങൾ ഉൾപ്പടെ കൂടുതൽ ഇന്ത്യൻ കമ്പനികളുടെ വിവരങ്ങൾ ഇന്നു പുറത്തു വന്നു.

പാരഡൈസ് പേപ്പറുകളിലൂടെ വിദേശത്തെ കൂടുതൽ കള്ളപ്പണനിക്ഷേപകരെക്കുറിച്ച് വിവരങ്ങൾ പുറത്തുവരികയാണ്. വിദേശത്ത് ഏറ്റവുമധികം കമ്പനികൾ തുറന്ന സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യൻ കമ്പനിക്കാണ്. നന്ദ്ലാൽ ഖേംകയുടെ ഉടമസ്ഥതയിലുള്ള സൺ കമ്പനി ന്യൂജേഴ്സിയിലും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലും 100 ഉപകമ്പനികൾ സ്ഥാപിച്ചു എന്നാണ് പുറത്തായ രേഖകൾ വ്യക്തമാക്കുന്നത്. അടിസ്ഥാനസൗകര്യവികസനം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്ന ഖേംക ഗ്രൂപ്പ് നിക്ഷേപങ്ങളിൽ ക്രമക്കേടില്ല എന്ന് പ്രതികരിച്ചു. ഹിന്ദുജഗ്രൂപ്പിലെ ഒരു കമ്പനിയുടെ കടം എഴുതി തള്ളാൻ സഹോദരൻമാർ ട്രസ്റ്റ് ദുരുപയോഗിച്ചു എന്ന വിവരം പാരഡൈസ് പേപ്പറിലുണ്ട്.

മാരൻ സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള ആസ്ട്രോ കമ്പനിയുടെ ഇടപാടുകൾക്കും അപ്പിബിയെ ആശ്രയിച്ചിരുന്നു. ധനഇടപാട് രേഖയിൽ മാധ്യമസ്ഥാപനമായ എൻഡിടിവിയ്ക്കും മാരൻറെ കമ്പനിയിൽ ഓഹരിയുളളതായി കാണിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ്, സീടിവി എന്നീ സ്ഥാപനങ്ങളുടെ പേരും പാരഡൈസ് പേപ്പറുകളിലുണ്ട്. ആപ്പിൾബി, ഏഷ്യാസിറ്റി ട്രസ്റ്റ് എന്നിവയുടെ വിവരം ചോർന്നത് ധനകാര്യ ഇടപാടുകളിൽ രഹസ്യസ്വാഭവത്തിൻറെ കാലം കഴിഞ്ഞു എന്നതിൻറെ തെളിവാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചു. നികുതി സ്വർഗ്ഗങ്ങളിൽ ആരുമറിയാതെ നിക്ഷേപം നടത്താം എന്ന് കരുതുന്നവർക്ക് ഇത് തിരിച്ചടിയാണെന്നും സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും ജയിറ്റ്ലി അറിയിച്ചു. അന്വേഷണ പരിധിയിൽ നേരത്തെ തന്നെ ഉൾപ്പെട്ട കമ്പനികളാണ് പാരഡൈസ് പട്ടികയിലുള്ള ചില കമ്പനികളെന്ന് അന്വേഷണസമിതി ചെയർമാനും പ്രത്യക്ഷനികുതി ബോർഡ് അദ്ധ്യക്ഷനുമായി സുശീൽ ചന്ദ്ര അറിയിച്ചു.

click me!