റീഫണ്ട് വാങ്ങി പറ്റിച്ചു; പേടിഎമ്മില്‍ നിന്ന് സാധനം വാങ്ങിയ 15 പേര്‍ക്കെതിരെ സിബിഐ അന്വേഷണം

By Web DeskFirst Published Dec 16, 2016, 3:37 PM IST
Highlights

കേന്ദ്ര സര്‍ക്കാറിന്റെയോ സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവില്ലാതെ ഒരു കേസ് ഏറ്റെടുക്കുന്നത് സിബിഐയുടെ അസാധാരണ നടപടിയാണ്. കമ്പനിയുടെ ലീഗല്‍ മാനേജര്‍ എം ശിവകുമാറിന്റെ പരാതി പ്രകാരം ഗോവിന്ദ്പുരി, കല്‍കജി, സാകേത് സ്വദേശികളായ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പേടിഎം വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ തകരാറുള്ളവ തിരിച്ചെടുത്ത് പണം തിരികെ നല്‍കുന്ന സംവിധാനം ഇവര്‍ ദുരുപയോഗം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കമ്പനിയിലെ ഏതാനും ജീവനക്കാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതി പരിശോധിച്ച് പണം തിരികെ നല്‍കുകയും ഉല്‍പ്പന്നം തിരിച്ചെടുക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. 

ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം തന്നെ തകരാറുകളൊന്നുമില്ലാതെ വിതരണം ചെയ്തിട്ടും തെറ്റായ വിവരങ്ങള്‍ നല്‍കി റീഫണ്ട് ചെയ്ത 48 കേസുകളാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. എല്ലാം കൂടി 6.15 ലക്ഷം രൂപയുടെ ഓര്‍ഡറുകളുണ്ടായിരുന്നു. സ്വന്തം പേടിഎം വാലറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം മാറ്റിയത്. ആസൂത്രിതമായി നടത്തിയ തട്ടിപ്പാണെന്നാണ് ആരോപണം. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്ന കമ്പനിയുടെ സംവിധാനത്തിന്റെ പ്രവര്‍ത്തനം മനസിലാക്കിയ ശേഷമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. 48 ഉല്‍പ്പന്നങ്ങളും ഏതാണ്ട് ഒരേ വിലാസത്തിലേക്ക് തന്നെയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനകം ഇവര്‍ക്ക് റീഫണ്ട് ലഭിച്ചതായും കണ്ടെത്തി. സ്വന്തം വാലറ്റിലേക്ക് കിട്ടിയ പണം ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി.

click me!