ജെയ്റ്റ്‍ലി ചികിത്സയില്‍; ബജറ്റ് പിയുഷ് ഗോയലിന്‍റെ കൈയിലേക്ക്

By Web TeamFirst Published Jan 18, 2019, 10:45 AM IST
Highlights

രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്കായാണ് ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ കൂടുതല്‍ പരിഗണനയെന്നാണ് പുറത്ത് വരുന്ന വിവരം. 

ദില്ലി: ചികിത്സയ്ക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍ഡിഎ സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‍ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലായിരുന്നു. നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയാണ് പിയുഷ് ഗോയല്‍.

രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്കായാണ് ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ കൂടുതല്‍ പരിഗണനയെന്നാണ് പുറത്ത് വരുന്ന വിവരം. ജെയ്റ്റ്‍ലിയുടെ രോഗം സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏറ്റവും നിര്‍ണ്ണായകമായ ബജറ്റ് അവതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുളള ധനമന്ത്രിയുടെ തീരുമാനത്തെ ആശങ്കയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം അണുബാധ ഭീഷണിയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തോട് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്, അന്ന് മന്ത്രാലയത്തിന്‍റെ ചുമതല പിയുഷ് ഗോയലിലേക്ക് എത്തുകയായിരുന്നു.

click me!