
കൊച്ചി : മലയാളി ഭക്ഷ്യോത്പാദക സ്റ്റാര്‍ട്ടപ്പിന് 1.3 കോടി രൂപയുടെ നിക്ഷേപസമാഹരണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലിങ് ഫുഡ്‌സ് ആന്‍ഡ് ബിവ്‌റേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേരളത്തില്‍ ഫണ്ടിംഗ് നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2016ല്‍ സംരംഭകനും മാര്‍ക്കറ്റിംഗ് വിദഗ്ധനുമായ ആന്‍ഡ്രീന്‍ മെന്‍ഡസ് ആരംഭിച്ചതാണ് പ്ലിങ് കമ്പനി. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍തന്നെ ദക്ഷിണേന്ത്യയില്‍ ആകമാനം മൂവായിരത്തിലധികം ചെറുകിട-ഇടത്തരം ചില്ലറവില്‍പ്പനകേന്ദ്രങ്ങളില്‍ സാന്നിധ്യം സ്വന്തമാക്കാന്‍ പ്ലിങ് ഫുഡ്‌സിന് കഴിഞ്ഞു. മൂന്നു രുചികളിലെ പാക്കറ്റുകളുമായി ആരംഭിച്ച പ്ലിങ് ഇപ്പോള്‍ അഞ്ച് വ്യത്യസ്തമായ രുചികളില്‍ ഏത്തയ്ക്ക, കപ്പ ക്രിസ്പ്പി സ്‌നാക്‌സ് പുറത്തിറക്കുന്നുണ്ട്. വൈകാതെ ഇത് പത്ത് തരം ഉത്പ്പന്നങ്ങളിലേക്കെത്തും.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ക്യാപ്പിറ്റല്‍ ട്രീറ്റീസ്, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ രവീന്ദ്രനാഥ് കമ്മത് എന്നിവരാണ് പ്ലിങ് ഫൂഡ്‌സിന് നിലവില്‍ നിക്ഷേപകരായുള്ളത്. നൂറുകോടിയുടെ ബ്രാന്‍ഡാകാന്‍ സാധ്യതയുള്ള സംരംഭമാണ് പ്ലിങ് ഫുഡ്‌സെന്ന് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു. അതിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഒരു പങ്കുവഹിക്കണമെന്നാണ് ആഗ്രഹം. മുന്‍പ് നടത്തിയ നിക്ഷേപങ്ങളൊക്കെ ടെക് കമ്പനികളില്‍ ആയിരുന്നെന്നും ആദ്യമായാണ് എഫ്എംസിജി രംഗത്ത് നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍കിട നിക്ഷേപകരും ബഹുരാഷ്ട്ര ഭീമന്മാരും വിപണി കൈയാളുന്ന എഫ്എംസിജി രംഗത്ത് ചെറിയ മുതല്‍ മുടക്കും കാര്യമാത്രപ്രസക്തമായ വ്യവസായമാതൃകയുമായി പ്ലിങ് പുതിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ തുടര്‍ച്ചയായി പുതിയ രുചികളും ഉത്പ്പന്നങ്ങളും പുറത്തിറക്കാന്‍ തങ്ങള്‍ക്കു സാധ്യമാണെന്ന് പ്ലിങ് സ്ഥാപകന്‍ ആന്‍ഡ്രീന്‍ മെന്‍ഡസ് അഭിപ്രായപ്പെട്ടു. യൂറോപ്യന്‍, ഗള്‍ഫ് ഭക്ഷ്യവിപണികളിലേക്ക് വൈകാതെ ചുവടുവയ്ക്കാനിരിക്കുന്ന പ്ലിങ്, നിക്ഷേപത്തിന്റെയും വ്യാവസായികസഹകരണങ്ങളുടെയും പുതിയ സാധ്യതകള്‍ സ്വാഗതം ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് ആഗോളതലത്തിലേക്ക് വളരുന്ന ആദ്യ ഭക്ഷ്യോത്പ്പന്ന ബ്രാന്‍ഡ് എന്ന പദവി പ്ലിങ് സ്വന്തമാക്കും എന്ന ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കാനുള്ളതെന്നും ആന്‍ഡ്രീന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.