സംസ്ഥാനത്ത് എടിഎം തട്ടിപ്പുകള്‍ അരങ്ങുതകര്‍ക്കുന്നു; ഇടപാടുകാര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

By Web DeskFirst Published Nov 3, 2017, 6:21 PM IST
Highlights

തിരുവനന്തപുരം: ഇടപാടുകൾ മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ ഹൈ ടെക് തട്ടിപ്പ് സംഘങ്ങളും സജീവമാകുന്നു. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള പ്രഫഷണൽ തട്ടിപ്പ് സംഘമാണ് പിന്നിലെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. ഇടപാടുകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന ഒറ്റത്തവണ പാസ്‍വേഡുകള്‍ മറ്റാര്‍ക്കും കൈമാറരുതെന്നാണ് പോലീസ് പൊതുജനങ്ങളോട് ആഭ്യർത്ഥിക്കുന്നത്. 

ഓൺലൈനിലെ തട്ടിപ്പുകൾ പലവിധമാണ്. ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശമടക്കം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നുണ്ട്. ബാങ്കുകളെ സഹായിക്കുന്ന ഔട്ട്‍സോഴ്സ് കമ്പനി പ്രതിനിധി എന്നൊക്കെ പറഞ്ഞ് അതിവിദഗ്ധമായാണ് വണ്‍ ടൈം പാസ്‍വേഡ്  അടക്കമുള്ള രഹസ്യവിവരങ്ങൾ കൈക്കലാക്കുന്നത്. മൊബൈലിൽ പണം പിൻവലിക്കപ്പെട്ടെന്ന സന്ദേശം വരുമ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് പലരും മനസിലാക്കുന്നത്. 

ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ഒരു വൻ സംഘമാണ് ഇത്തരം തട്ടിപ്പിന് പിന്നിലെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. കേരള പൊലീസ് ജാർഖണ്ഡ് പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പലബാങ്കുകളുടേയും ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നത് പുറത്തുനിന്നുള്ള കമ്പനികളാണ്. ഇത്തരം കമ്പനികളും പൊലീസ് നിരീക്ഷണത്തിലാണ്. പരാതികളിൽ 60 ദിവസത്തിനുള്ളിൽ മറുപടി പറയാമെന്നാണ് ബാങ്കുകള്‍ നൽകുന്ന മറുപടി. ഓൺലൈൻ തട്ടിപ്പ് തടയിടാന്‍ കേരള പൊലീസ്, സ്റ്റോപ്പ് ബാങ്കിങ് ഫ്രോഡ് ഗ്രൂപ്പ് എന്ന പേരില്‍ അടുത്തിടെ പുതിയൊരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.  പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളുമെല്ലാം ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. പരാതി കിട്ടിയാൽ ഉടൻ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നടപടികൾ ഇതുവഴി വേഗത്തിലാക്കും. ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടെങ്കിലും തട്ടിപ്പുകൾക്ക് തടയിടാനാകുന്നില്ലെന്നതില്‍ ജനം ആശങ്കയിലുമാണ്.

click me!