
ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനിരിക്കുന്ന ചരക്ക് സേവന നികുതി, രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും ചലനമുണ്ടാക്കുന്നു. ജൂലൈ ഒന്ന് മുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കൂട്ടിയേക്കും. ഗതാഗതം, ഹൗസ് കീപ്പിങ് തുടങ്ങിയവയ്ക്ക് നികുതി ഏർപ്പെടുത്തുന്നതാണ് ഇതിന് കാരണം.
ചരക്ക് സേവന നികുതി വിദ്യാഭ്യാസ മേഖലയെ ബാധിക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ജിഎസ്‍ടി ഈടാക്കുന്ന ഇനങ്ങളുടെ പട്ടിക പുറത്ത് വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജൂലൈ ഒന്ന് മുതൽ ചെലവേറുമെന്ന് വ്യക്തമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനം, ഗതാഗതം, ഭക്ഷണ വിതരണം, ഹൗസ് കീപ്പിങ് എന്നിവയ്ക്ക് 18 ശതമാനം ജിഎസ്‍ടി ചുമത്തുന്നതാണ് ഇതിന് കാരണം. നേരത്തെ നഴ്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ സേവനങ്ങൾക്ക് നികുതി ഈടാക്കിയിരുന്നില്ല. ഇതിന് പുറമേ ഹോസ്റ്റൽ ഭക്ഷണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കടകളിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ, സ്റ്റേഷനറി സാധനങ്ങൾക്ക് എന്നിവയ്ക്കും 18 ശതമാനം നികുതി നൽകണം. നേരത്തെ മൂന്ന് ശതമാനമായിരുന്നു ഇതിന് നികുതി.
അതായത് ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപയുടെ ഫീസിന് മൂവായിരം രൂപയാണ് നികുതി നൽകിയിരുന്നെങ്കിൽ ജൂലൈ ഒന്ന് മുതൽ 15,000 രൂപ കൂടി അധികം അടയ്ക്കണം. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും സംസ്ഥാനത്തിന് പുറത്ത് വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളെയുമാണ് ഇത് പ്രധാനമായും ബാധിക്കുക. അതേസമയം സ്കൂൾ ബാഗുകൾ, കളറിങ് പുസ്തകങ്ങൾ, നോട്ടുബുക്കുകൾ എന്നിവയ്ക്ക് നികുതി കുറയുന്നതോടെ പൊതുവിദ്യാഭ്യസ മേഖലയിൽ ജിഎസ്‍ടി കാര്യമായ സ്വാധീനം ചെലുത്തില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.