ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു; ആറ് മാസത്തിനകം  നിഷ്ക്രിയ ആസ്തി  516 കോടി

By Web DeskFirst Published Mar 5, 2018, 12:40 PM IST
Highlights
  • ബാലൻസ് ഷീറ്റിൽ നിന്ന് 516 കോടി രൂപ ഒഴിവാക്കി
  • നിഷ്ക്രിയ ആസ്തി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി
  • പൊതുമേഖലാ ബാങ്കുകളുടേതാണ് നടപടി
  • മാറ്റിയ 38 അക്കൗണ്ടുകളും മനപൂർവ്വം വായ്പാ കുടിശ്ശി മുടക്കിയവ

ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു. ആറ് മാസത്തിനകം 516 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ നിഷ്ക്രിയ ആസ്തി അക്കൗണ്ടിലേക്ക് മാറ്റിയത്. കിട്ടാക്കടം തിരിച്ച് പിടിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ കണക്ക് പുറത്ത് വന്നിരിക്കുന്നത്.

മനപൂർവ്വം വായ്പ തിരിച്ചടക്കാത്ത 38 അക്കൗണ്ടുകളിൽ നിന്നാണ് വിവിധ ബാങ്കുകൾക്ക് 516 കോടി രൂപ പിരിഞ്ഞ് കിട്ടാനുള്ളത്. പൊതുമേഖല ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ളതിൽ മുന്നിൽ. 1,762 പേരിൽ നിന്നും എസ്ഐബിക്ക് കിട്ടാനുള്ളത് 25,104 കോടി രൂപ.

രാജ്യത്തെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ 27 ശതമാനവും സ്റ്റേറ്റ് ബാങ്കിലാണ്. തട്ടിപ്പ് കേസിൽ പെട്ട് പ്രതിസന്ധിയിലായ പഞ്ചാബ് നാഷണൽ ബാങ്കാണ് കിട്ടാക്കട പട്ടികയിൽ രണ്ടാമത്. 1,120 പേരിൽ നിന്ന് 12,278 കോടി രൂപയാണ് ബാങ്കിന്‍റെ നിഷ്ക്രിയ ആസ്തി. 2017 മാർച്ച് 31 വരെയുള്ള കണക്കാണിത്.

നിശ്ചിത ആവശ്യം കാണിച്ച് വായ്പ എടുത്തശേഷം തുക വകമാറ്റി ചെലവഴിക്കുകയോ, സാന്പത്തിക സ്ഥിതി ഭദ്രമായിട്ടും വായ്പ തിരിച്ചടക്കാത്തവരുമായ കന്പനികളാണ് പട്ടികയിൽ കൂടുതലും. ഈട് വെച്ച വസ്തു ബാങ്കിനെ ആറിയിക്കാതെ ക്രയവിക്രയം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ ധനമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

അതേസമയം കിട്ടാക്കടം എഴുതിത്തള്ളില്ലെന്നും ദീർഘനാളായി വായ്പാ തിരിച്ചടവ് മുടക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് പൊതുമേഖല ബാങ്കുകളുടെ നിലപാട്. 

click me!