ഇന്റര്‍നെറ്റ് നിരക്കില്‍ അടുത്ത വിപ്ലവം വരുന്നു; രണ്ട് പൈസക്ക് ഒരു എം.ബി ഡേറ്റയുമായി ട്രായ്

By Web DeskFirst Published Mar 7, 2017, 10:23 AM IST
Highlights

വ്യക്തികള്‍, ബിസിനസ് സംരഭങ്ങള്‍, സംഘടനകള്‍, കടകള്‍ എന്നിങ്ങനെ താത്പര്യമുള്ള ആര്‍ക്കും പൊതുജനങ്ങള്‍ക്കായി വൈഫൈയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ട്രായുടെ പദ്ധതി. ഒരു എം.ബിക്ക് രണ്ട് പൈസ എന്ന നിരക്കിലാണ് ഇതിന് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ കഴിയുന്നത്. ഒരു ജി.ബിക്ക് ഏകദേശം 20 രൂപ മാത്രമായിരിക്കും ചിലവ്. നിലവില്‍ ഒരു എം.ബിക്ക് മൊബൈല്‍ കമ്പനികള്‍ 10 പൈസയോളമാണ് ഈടാക്കുന്നത്. ഇന്റര്‍നെറ്റ് ചിലവ് പിന്നെയും കുറയുന്നതോടെ രാജ്യത്തെ ഡിജിറ്റല്‍ വിടവ് ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ നിരക്ക് കുറയ്ക്കുന്നതിന് പുറമെ ഉപകരണങ്ങളില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്കില്‍ നിന്ന് വൈഫൈ നെറ്റ്‍വര്‍ക്കിലേക്കും തിരിച്ചുമുള്ള മാറ്റം എളുപ്പമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ട്രായ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും.

പൊതു വൈഫൈ സംവിധാനങ്ങള്‍ വ്യാപകമാവുന്നത് നിലവിലുള്ള മൊബൈല്‍ നെറ്റ്‍വര്‍ക്കില്‍ തിരക്ക് കുറയാന്‍ കാരണമാകുമെന്നും ട്രായ് കണക്കുകൂട്ടുന്നു. തിരക്കുള്ള സമയങ്ങളില്‍ കോളുകള്‍ കണക്ടാവുന്നില്ലെന്നും ഇന്റര്‍നെറ്റിന് വേഗം പോരെന്നുമൊക്കെയുള്ള പരാതികള്‍ക്ക് ഒരു പരിധിവരെ ഇത് പരിഹാരവുമാവും. അന്താരാഷ്ട്ര നിലവാരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ വൈഫൈ ഹോട്ട് സ്പോട്ടുകളുടെ എണ്ണം വളരെ കുറവാണ്. ഇത് പരിഹരിക്കാന്‍ മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ വൈഫൈ ശൃംഖല സ്ഥാപിക്കാനാണ് ട്രായുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ശുപാര്‍ശകള്‍ ട്രായ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന് പുറമെയാണ് പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് പുതിയ നയരേഖ ഏതാനും ദിവസത്തിനുള്ളില്‍ ടെലികോം മന്ത്രിലായത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

click me!