രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നു പ്രധാനമന്ത്രിയോടു സുബ്രഹ്മണ്യം സ്വാമി

By Asianet NewsFirst Published May 17, 2016, 2:35 PM IST
Highlights

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നു ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തടയാന്‍ രഘുറാം രാജന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ഇന്ത്യക്കാരന്റെ മാനസികാവസ്ഥയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും സുബ്രഹ്മണ്യം സ്വാമി കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകിടംമറിക്കാന്‍ രഘുറാം രാജന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തുന്നതായി സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. പലിശ നിരക്ക് ഉയര്‍ത്തിയതു രാജ്യത്തിനു ദോഷകരമായി. വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും ഇപ്പോഴുണ്ടായിരിക്കുന്ന തകര്‍ച്ചയ്ക്കു കാരണം രഘുറാം രാജന്റെ നയങ്ങളാണ്. അദ്ദേഹത്തെ ഷിക്കാഗോയിലേക്കു മടക്കിയയക്കണമെന്നും സുബ്രഹ്ണ്യം സ്വാമി ആവശ്യപ്പെടുന്നു.

അമേരിക്കന്‍ ഗവണ്‍മെന്റ് ഗ്രീന്‍ കാര്‍ഡ് നല്‍കിയിട്ടുള്ള രാജന്‍ തന്റെ ഗ്രീന്‍ കാര്‍ഡ് പുതുക്കുകയും അമേരിക്കയിലേക്കു നിര്‍ബന്ധിത സന്ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ഇന്ത്യക്കാരന്റെ മാനസികാവസ്ഥയിലല്ല പ്രവര്‍ത്തിക്കുന്നത് എന്നു പറയുന്നതിന് ഇതും കാരണമാണ്. എത്രയും വേഗം അദ്ദേഹത്തെ ഷിക്കാഗോയിലേക്കുതന്നെ മടക്കിയയക്കുന്നതാണു നല്ലത് - സ്വാമി പറയുന്നു.

2013 സെപ്റ്റംബറിലാണു രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. ചുമതലയേറ്റ ഉടന്‍ വായ്പാ നിരക്കുകളില്‍ അദ്ദേഹം ഗണ്യമായ വര്‍ധന വരുത്തിയിരുന്നു. പിന്നീട് നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തിരുന്നു.

 

click me!