അമര്‍ത്യ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍

By Web DeskFirst Published Jul 16, 2018, 8:50 PM IST
Highlights
  • 1998 സാമ്പത്തിക നോബേല്‍ പുരസ്കാരം നേടിയ വ്യക്തിയാണ് അമര്‍ത്യ സെന്‍

ദില്ലി: കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായിട്ടുളള ഗുണപരമായ മാറ്റങ്ങള്‍ അറിയണമെങ്കില്‍ അമര്‍ത്യ സെന്‍ ഇന്ത്യയില്‍ കുറച്ചു കാലം ചിലവിടണമെന്ന് രാജീവ് കുമാര്‍. അദ്ദേഹം ഇന്ത്യയില്‍ ചിലവഴിച്ച് ഇവിടെ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കണം. 

മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ നാല് വര്‍ഷത്തിന് സമാനമായ കരുതല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ലഭിച്ച മറ്റൊരു നാല് വര്‍ഷം കാട്ടിത്തരാന്‍ സെന്നിന് കഴിയുമോയെന്നും രാജീവ് കുമാര്‍ വെല്ലുവിളിച്ചു. നിതി ആയോഗിന്‍റെ നയങ്ങളെപ്പറ്റി വിശദീകരിക്കുന്നതിനിടെ ഇന്ത്യന്‍ സമ്പദ്ഘടനയെപ്പറ്റിയുളള അമര്‍ത്യ സെന്നിന്‍റെ അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു രാജീവ് കുമാറിന്‍റെ മറുപടി.

2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് അമര്‍ത്യസെന്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു. അദ്ദേഹം എഴുതിയ 'അണ്‍സെര്‍ട്ടന്‍ ഗ്ലോറി, ഇന്ത്യ ആന്‍ഡ് ഇറ്റ്സ് കോണ്‍ട്രഡിക്ഷന്‍സ്' എന്ന പുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിനിടെയാണ് ഇന്ത്യന്‍ സമ്പദ്ഘടനയെപ്പറ്റി അദ്ദേഹത്തിന്‍റെ പരാമര്‍ശമുണ്ടായത്. 

ദ്രുതഗതിയില്‍ വളരുന്ന സമ്പദ്ഘടനയില്‍ നിന്നും നമ്മള്‍ പിന്നോട്ട് പോകുകയാണെന്നും, ഉപഭൂഖണ്ഡത്തില്‍ പാകിസ്ഥാന് ശേഷം ഏറ്റവും  മോശപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നുമാണ് സെന്‍ അഭിപ്രായപ്പെട്ടത്. 1998 സാമ്പത്തിക നോബേല്‍ പുരസ്കാരം നേടിയിട്ടുളള അമര്‍ത്യ സെന്നിനെ 1999 ല്‍ രാജ്യം ഭാരത രത്ന നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. 

click me!