സിഗരറ്റിന്റെ ബ്രാൻഡ് അനുസരിച്ചല്ല നീളം അനുസരിച്ചാവും തീരുവയിൽ വ്യത്യാസം വരിക.

ദില്ലി: പുകവലി പ്രേമികൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പുതുവർഷത്തിൽ പുകയില ഉത്പന്നങ്ങൾക്ക് വിലകൂടും. ഫെബ്രുവരി 1 മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുതിയ തീരുവയെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനം വിശദമാക്കുന്നത്. പുകയില ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോംപെൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവ. പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്ടിയുമാണ് ഏർപ്പെടുത്തുക. സിഗരറ്റിന്റെ ബ്രാൻഡ് അനുസരിച്ചല്ല നീളം അനുസരിച്ചാവും തീരുവയിൽ വ്യത്യാസം വരിക. ആയിരം സിഗരറ്റിന് 2050 മുതൽ 8500 രൂപ വരെയാവും എക്സൈസ് തീരുവ. ചുരുക്കത്തിൽ പറഞ്ഞാൽ സിഗരറ്റിന്റെ നീളം കൂടുന്നത് അനുസരിച്ച് വിലയും കൂടും. 

65 മില്ലി മീറ്റർ വരെനീളമുള്ള ഫിൽറ്ററില്ലാത്ത സിഗരറ്റുകൾക്ക് ഒരെണ്ണത്തിന് 2.05രൂപ വരെ വർദ്ധിക്കും. 66 മില്ലി മീറ്റർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് ഒരെണ്ണത്തിന് 2.10 രൂപ വരെ ഉയരും. 65-70 മില്ലി മീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ 4 രൂപ വരെ ഉയരും. 70-75 മില്ലിമീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും. നിലവിൽ വിവിധ നിരക്കുകളിൽ ഈടാക്കുന്ന നിലവിലെ ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ഇല്ലാതാകും.

വില ഏറ്റവും കൂടുതൽ ഉയരാനിടയുള്ള സിഗരറ്റ് ബ്രാൻഡുകൾ ഇവയാണ്

ഗോൾഡ് ഫ്ലേക്ക് പ്രീമിയം, റെഡ് ആൻഡ് വൈറ്റ് കിംഗ് സൈസ്, ക്ലാസിക് ആൻഡ് മാൽബറോ, നേവി കട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം