കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട്; ഐസിഐസിഐ ബാങ്കിനെതിരെ പിഴ

By Web DeskFirst Published Mar 29, 2018, 12:44 PM IST
Highlights
  • ഐസിഐസിഐ ബാങ്കിനെതിരെ പിഴ
  • 58.9 കോടി രൂപ ആ‍ർബിഐ പിഴ ചുമത്തി
  • കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് കണ്ടെത്തി
  • മർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ കടപ്പത്രങ്ങൾ വിറ്റു

മുംബൈ: ഐസിഐസിഐ ബാങ്കിനെതിരെ റിസർവ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും തുക ഒരു കേസിൽ പിഴ ചുമത്തുന്നത്.

ബാങ്കുകൾക്കെതിരായ നടപടികൾ റിസർവ് ബാങ്ക് കർശനമാക്കി തുടങ്ങിയിരിക്കുന്നു. സർക്കാർ കടപ്പത്രങ്ങൾ മർഗ്ഗ നിർ‍ദ്ദേശങ്ങൾ പാലിക്കാതെ കാലാവധി എത്തുന്നതിന് മുൻപ് വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസിഐസിഐ ബാങ്കിനെതിരായ നടപടി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ.  ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ 46,47 ചട്ടങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വീഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നൽകിയെന്ന ആരോപണത്തിന് പുറകേയാണ് ആർബിഐ നടപടി. ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറിന്‍റെ ഇടപെടലിലൂടെയാണ് വീഡിയോകോൺ വായ്പ തരപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാങ്കിന്‍റെ നിലപാട്. വിവിധ ബാങ്കുകളിലായി 25,000 കോടി രൂപയിൽ അധികമാണ് വീഡിയോകോൺ തിരിച്ചടയ്ക്കാനുള്ളത്.

click me!