
മുംബൈ: ഇരുനൂറു രൂപ നോട്ടുകളും ലഭ്യമാക്കാവുന്ന വിധത്തില്‍ എല്ലാ എ.ടി.എമ്മുകളും പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ എ.ടി.എമ്മുകളിലും ഇതിനാവശ്യമായ മാറ്റം വരുത്തുന്നതിന് 110 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
2016 നവംബറില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ പുതിയ 500 രൂപാ നോട്ടുകളും 2000 രൂപാ നോട്ടുകളും എ.ടി.എമ്മുകളില്‍ ലഭ്യമാക്കാന്‍ കഠിന പ്രയത്നമാണ് ബാങ്കുകള്‍ നടത്തിയത്. പിന്നാലെ 200 രൂപാ നോട്ടുകള്‍ ഇറക്കയെങ്കിലും ഇവ ഉടനെ എ.ടി.എമ്മുകളില്‍ ലഭ്യമാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. നിലവില്‍ പണലഭ്യത ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ടെങ്കിലും കടുത്ത ചില്ലറ ക്ഷാമം നേരിടുന്നുണ്ട്. നൂറ് രൂപാ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതികള്‍ കൂടി പരിഗണിച്ചാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. നിലവില്‍ 200 രൂപ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമാണ് വിതരണം ചെയ്യുന്നത്.
രാജ്യത്തെ രണ്ടു ലക്ഷത്തിലേറെവരുന്ന എ.ടി.എമ്മുകളുടെ കംപ്യൂട്ടര്‍ സംവിധാനവും കറന്‍സി സൂക്ഷിക്കുന്ന ട്രേകളും 200 രൂപ നോട്ടുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ പരിഷ്കരിക്കുന്നതിന് ആറ് മാസമെങ്കിലും സമയമെടുക്കും. ഒരു എ.ടി.എം ഇത്തരത്തില്‍ റീകാലിബ്രേറ്റ് ചെയ്യുന്നതിന് ശരാശരി 5000 രൂപയോളം ആവശ്യമാണ്. ഇങ്ങനെ കണക്കാക്കുമ്പോള്‍ ബാങ്കുകള്‍ 110 കോടിയോളം ചിലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.