
മുംബൈ: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച്ചയാണ് വായ്പാ അവലോകന യോഗം തുടങ്ങിയത്. മൂന്ന് ദിവസം നീളുന്ന യോഗത്തിന് ശേഷമാണ് ഇന്ന് വായ്പ നയം റിസർവ്വ് ബാങ്ക് തീരുമാനിക്കുക.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ പ്രകാരം റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തിയേക്കും. ഇതോടെ രാജ്യത്തെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകളും ഉയര്‍ന്നേക്കും. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപ കടന്നത് നിരക്കിൽ പ്രതിഫലിക്കാനിടയുണ്ട്. ഉയർന്ന ക്രൂഡ് ഓയിൽ വിലയും, രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും പണപ്പെരുപ്പം ഇനിയും കൂടുമെന്ന വിലയിരുത്തലുകളും നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
റിപ്പോ നിരക്ക് തുടർച്ചയായി രണ്ട് തവണ ഉയർത്തിയിരുന്നു. നിലവിൽ 6.50 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനവും.