റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ചൊവ്വാഴ്ച; നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

By Asianet NewsFirst Published Jun 3, 2016, 1:29 PM IST
Highlights

ദില്ലി: റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകനം ചൊവ്വാഴ്ച.. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ വായ്പാ നയമാകും ചൊവ്വാഴ്ച പ്രഖ്യാപിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പുണ്ടായെങ്കിലും ഈ നയ അവലോകനത്തില്‍ വായ്പാ നിരക്കുകളില്‍ കുറവു വരുത്താന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. 2015 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 7.2% എന്ന നിലയില്‍നിന്നാണു വലിയ നേട്ടമുണ്ടാക്കിയത്. ഇതിനൊപ്പം വരും വര്‍ഷം മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം കൂടിയാകുമ്പോള്‍ കാര്‍ഷിക മേഖലയിലടക്കം അഭിവൃദ്ധി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, നാണ്യപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു നിരക്കു കുറയ്ക്കലിനു മുതിരില്ലെന്നാണു വിലയിരുത്തല്‍.

റീടെയില്‍ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 5.39 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. മൊത്ത വില പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തെ ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടിവരും.

click me!