സ്വര്‍ണ്ണം ഇതുവരെ കേള്‍ക്കാത്ത വിലയില്‍; എന്താണ് ഇതിന് കാരണം

By Akhila NandakumarFirst Published Jan 26, 2019, 5:07 PM IST
Highlights

ഇതിന് മുൻപ് സ്വർണ്ണവില റെക്കോർഡിലെത്തിയത് 2012ഫെബ്രുവരി 27നാണ്. അന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1885 ഡോളറായിരുന്നു.പക്ഷേ ഡോളറിനെതിരെ രൂപയുടെ മൂല്യം 55 രൂപയായിരുന്നു. ഇന്ന് വിപണിയിൽ സ്വർണ്ണവില 1304 ഡോളറാണ് ,പക്ഷേ ഡോളറിന്‍റെ മൂല്യം 71 രൂപയും

സ്വർണ്ണം വാങ്ങാനെത്തുന്നവർ നിരാശരാകും.പക്ഷേ സ്വർണ്ണം വിൽക്കണോ, വേഗം അടുത്തുള്ള ജ്വല്ലറിയിലേക്ക് പൊയ്ക്കോളൂ. സംസ്ഥാനം കേൾക്കാത്ത വിലയാണ് ഇന്ന് സ്വർണ്ണത്തിന്. ഒറ്റയടിക്ക് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് കൂടിയത് 400 രൂപയാണ്. പവൻ സ്വർണ്ണത്തിന്‍റെ നിരക്ക് 24,400 രൂപ. ഗ്രാമിന് 3050 രൂപ. സ്വര്‍ണ്ണം ഒരു നിക്ഷേപമല്ലെന്ന് അടുത്തകാലത്തുണ്ടായ വിപണി വര്‍ത്തമാനം അല്‍പ്പകാലത്തെങ്കിലും മാറ്റിനിര്‍ത്താം. അന്താരാഷ്ട്ര വിപണിയിലും 31 ഗ്രാം ട്രോയ് ഔൺസ് സ്വർണ്ണത്തിന്‍റെ നിരക്ക് 54 ഡോളർ കൂടി,1304 ഡോളർ നിരക്കിലെത്തി.വിവാഹ ഉത്സവ സീസണായതോടെ വിപണിയിൽ സ്വർണ്ണത്തിന്  ആവശ്യക്കാർ കൂടിയതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. 

അപ്പോൾ തോന്നും അന്താരാഷ്ട്ര വിപണിയിലെ നിരക്ക് വർധനവാണോ സ്വർണ്ണവില റെക്കോർഡിൽ എത്തിച്ചതെന്ന്, പക്ഷേ അത് അങ്ങനെ അല്ല. രാജ്യത്തെ ഇന്ധനവിലയും ക്രൂഡ് ഓയിൽ വിലയിലും തമ്മിലെ വിലയിലെ അന്തരം പറയാറില്ലേ, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ രാജ്യത്ത് എപ്പോഴും ഇന്ധനവില കുറയാറില്ലല്ലോ? ഇന്ധന നിരക്കിന് സംസ്ഥാന കേന്ദ്ര ടാക്സുകൾ കൂടി വരുമെങ്കിൽ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 70 രൂപക്ക് മുകളിലാണ് ഡോളറിന്‍റെ മൂല്യം. 

ഇന്നത്തെ നിരക്ക് 71.71 രൂപയാണ്.ഇതിന് മുൻപ് സ്വർണ്ണവില റെക്കോർഡിലെത്തിയത് 2012ഫെബ്രുവരി 27നാണ്. അന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1885 ഡോളറായിരുന്നു.പക്ഷേ ഡോളറിനെതിരെ രൂപയുടെ മൂല്യം 55 രൂപയായിരുന്നു. ഇന്ന് വിപണിയിൽ സ്വർണ്ണവില 1304 ഡോളറാണ് ,പക്ഷേ ഡോളറിന്‍റെ മൂല്യം 71 രൂപയും. രൂപയുടെ മൂല്യം ഇടിഞ്ഞാൽ ഇനിയും വില കൂടുമെന്ന് അർത്ഥം. തങ്കക്കട്ടിയുടെ ലഭ്യത പ്രാദേശിക വിപണിയിൽ കുറവെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത് മുൻവർഷങ്ങളിൽ  1000 ടൺ ഇറക്കുമതി ചെയ്തിരുന്ന സ്വർണ്ണം ഇപ്പോൾ 750 മുതൽ 800 ടൺ വരെയായി ഇടിഞ്ഞിട്ടുണ്ട്.  

നോട്ട് നിരോധനവും,ജിഎസ്ടിയെയും തുടർന്നുള്ള മാന്ദ്യമാണ് കാരണമായി പറയുന്നത്. ഒപ്പം ബാങ്കുകളും, ഗ്രേ മാർക്കറ്റുകളും സ്വർണ്ണം വിൽപനക്ക് പണ്ടത്തെ പോലെ തയ്യാറാകുന്നില്ല.ദിനംപ്രതി ഉയരുന്ന സ്വർണ്ണവില തന്നെ കാരണം. പക്ഷേ നേരായ രീതിയിലെ ഇറക്കുമതി അല്ലാതെ അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് നികുതി നൽകാതെ കള്ളക്കടത്ത് വഴി സ്വർണ്ണം വിപണിയിലെത്തുന്നുണ്ട്. അത് മറ്റൊരു വശം. തങ്കക്കട്ടി നമ്മുടെ രാജ്യത്തെത്തുന്നത് സ്വിറ്റസർലന്‍റ്,ലണ്ടൻ എന്നിവടങ്ങളിൽ നിന്നാണ്. 

സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ധാതു സ്വർണ്ണം ദുബെയിലെത്തി ശുദ്ധീകരിച്ച ശേഷവും രാജ്യത്തേക്ക് എത്തുന്നുണ്ട്. ചുരുക്കത്തിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന ഉത്പന്നമെന്ന നിലക്ക് സ്വർണ്ണ വില നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങില്ല. ഈ വർഷം അവസാനം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1400 ഡോളർ അടുക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഒരു ഗ്രാമിന് നിരക്ക് 4000 രൂപ വരെയായേക്കും. രൂപ ഡോളറിനെതിരെ ക്ഷീണിച്ച് നിന്നാൽ കാര്യങ്ങൾ എവിടെ നിൽക്കുമെന്ന് പ്രവചിക്കാനാകില്ലെന്ന് ചുരുക്കം. അമേരിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഭരണസ്തംഭനം അന്താരാഷ്ട്ര സ്വർണ്ണവിലയെ ബാധിച്ചിട്ടുണ്ട്. 

ഒപ്പം അടുത്ത ദിവസങ്ങളിൽ അമേരിക്കയുടെ റിസർവ്വ് ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കുകയാണ്. നിരക്കിൽ മാറ്റമുണ്ടായാൽ അതും ഡോളറിന്‍റെ മൂല്യത്തെ ബാധിക്കും. അതിനാൽ നിലവിലെ സൂചനകൾ സ്വർണ്ണം നിക്ഷേപമായി കരുതുന്നവർക്ക് സന്തോഷം നൽകുന്നവയാണ്. പക്ഷേ സ്വർണ്ണമില്ലാതെ കല്ല്യാണ ആഘോഷങ്ങൾ ആലോചിക്കാനാകാത്ത ശരാശരി മലയാളി കുടുംബങ്ങൾക്ക് നിരാശയും.

click me!