
ടെലികോം രംഗത്തെ പ്രമുഖരായ റിലയൻസ് കമ്മ്യൂണിക്കേഷൻസും എയർസെല്ലും ലയിച്ചു. ഇരുവരും ഇനി ഒറ്റകന്പനിയായി പ്രവർത്തിക്കും. 35,000 കോടി രൂപയുടേതാണ് ഇടപാട്.
രാജ്യത്തെ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനം. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസും മലേഷ്യൻ കന്പനി മാക്സിസിന്‍റെ എയർസെല്ലും ഇനി ഒന്നിച്ച് പ്രവർത്തിക്കും. 65,000 കോടി രൂപയുടെ ആസ്തി കണക്കാക്കുന്ന പുതിയ കന്പനിയിൽ രണ്ട് ഗ്രൂപ്പുകൾക്കും 50 ശതമാനം വീതം പങ്കാളിത്തം. ഡയറക്ടർ ബോർഡിലും തുല്യപങ്കാളിത്തമുണ്ടാകും. 35,862 കോടി രൂപയുടേതാണ് ഇടപാട്. ലയനത്തോടെ ഇരുകന്പനികളുടെയും കടബാധ്യത ഗണ്യമായി കുറയും. ആർകോമിന്റെ കടം 20,000 കോടിയായും എയർസെല്ലിന്റെ നഷ്ടം 4,000 കോടിയായുമായാണ് കുറയുക.
ജ്യേഷ്ഠൻ മുകേഷ് അംബാനി ജിയോയുമായി എത്തിയതോടെ അനിൽ അംബാനിയുടെ ആർകോമും എയർസെല്ലും കൂടുതൽ പ്രതിസന്ധിയിലേക്ക് വീണിരുന്നു. ഇതോടെയാണ് ലയനം വേഗത്തിലായത്. സ്പെക്ട്രങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതാണ് പുതിയ കന്പനി. 19.4 കോടി ഉപയോക്താക്കളുമായി രാജ്യത്തെ മൂന്നാമത്തെ മൊബൈൽ സേവനദാതാവായി പുതിയ കന്പനി ഉയരും. റിലയൻസ് കമ്മ്യൂണിക്കേഷന് 11 കോടിയും എയർസെല്ലിന് 8.4 കോടി ഉപയോക്താക്കളുമാണുള്ളത്. 25 കോടി ഉപയോക്താക്കളുമായി എയർടെല്ലാണ് ഒന്നാമത്, 19.8 കോടിയുമായി വോഡാഫോൺ രണ്ടാമതും. ഐഡിയയാണ് നാലാമത്. പുതിയ കന്പനിയുടെ പേരും ലോഗോയും വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.