ഈ വര്‍ഷം അവസാനം റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ആകും

By Web TeamFirst Published Oct 22, 2018, 3:26 PM IST
Highlights

2018-19 ലെ രണ്ടാം പാദത്തില്‍ ടെലികോം കമ്പനികള്‍ കൈവരിച്ച ആകെ ലാഭത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാവുമെന്ന് വ്യക്തമാക്കുന്നത്.

ദില്ലി: നിലവില്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 2018 അവസാനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാവുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വുറ്റീസ് റിസര്‍ച്ച് ആണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്‍റാണ് കൊട്ടക് ഇക്വുറ്റീസിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

2018-19 ലെ രണ്ടാം പാദത്തില്‍ ടെലികോം കമ്പനികള്‍ കൈവരിച്ച ആകെ ലാഭത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാവുമെന്ന് വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 9240 കോടി രൂപയായിരുന്നു ജിയോയുടെ ആകെ നേട്ടം. എന്നാല്‍, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലിന്‍റെ നേട്ടം 8700-8800 കോടി രൂപ മാത്രമായിരുന്നു.

ഇതോടെ 2018 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളില്‍ നിന്നുളള ആകെ വരുമാനത്തില്‍ ജിയോ, എയര്‍ടെല്ലിനെയും ഒന്നാം സ്ഥാനത്ത് തുടരുന്ന ഐഡിയ-വേഡാഫോണ്‍ സംയുക്ത കമ്പനിയെയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കൊട്ടക് ഇക്വുറ്റീസിന്‍റെ കണക്കുകൂട്ടല്‍.

click me!