
ദില്ലി : കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്ന് പുതിയ ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.
2006 ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾക്ക് നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. ഈ പരിധിയിൽ കാർഷിക ഗ്രാമീണ വികസന ബാങ്കുകളും വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് നികുതിയടക്കാൻ നിർദ്ദേശം നൽകിയത്. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി വകുപ്പ് ഉത്തരവിനെതിരെ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്ക് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി ഇളവ് ലഭിച്ചില്ല. ഇതോടെയാണ് സുപ്രീം കോടതിയിൽ എത്തിയത്. സഹകരണബാങ്കുകൾ എന്ന പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും സഹകരണ ബാങ്കുകൾ അല്ല പകരം സഹകരണ സൊസെറ്റികളാണ് ഈ സ്ഥാപനങ്ങൾ എന്ന് വാദമാണ് ഉയർത്തിയത്. സഹകരണ സൊസെറ്റികൾക്ക് 2006 ലെ നിയമപ്രകാരം നികുതി ഇളവുണ്ടെന്ന് അഭിഭാഷകർ വാദിച്ചു.
മാത്രമല്ല സഹകരണ ബാങ്കുകളുടെ പ്രവർത്തനമല്ല കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി, ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ വിധി. കേരളത്തിൽ നിന്നുള്ള ആറ് കേസുകളിലാണ് കോടതി തീർപ്പ് കൽപിച്ചത്. കേരളത്തിലെ 74 ബാങ്കുകൾക്കായി 600 കോടി രൂപയുടെ നികുതി ഇളവാണ് ഇതോടെ ലഭ്യമാകുക. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്കും വിധി ഗുണകരമാകും. മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ബാങ്കുകൾക്ക് വേണ്ടി ഹാജരായി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.