ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 80,000 രൂപ സ്‌കോളര്‍ഷിപ്പുമായി കേന്ദ്രസര്‍ക്കാര്‍

By Web DeskFirst Published Feb 12, 2018, 2:29 PM IST
Highlights

ദില്ലി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുക, മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. 

പ്രതിമാസം 80,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി ഗവേഷക ഫെലോഷിപ്പ് പദ്ധതി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നത്. ഐ.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍, എന്‍ഐടി, രാജ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കുന്ന മിടുക്കന്‍മാര്‍ക്കായിരിക്കും ഫെലോഷിപ്പിന് അര്‍ഹതയുണ്ടാവുക. പദ്ധതിക്കായി 1650 കോടി രൂപ ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 

രാജ്യത്തിനാവശ്യമായ വിഷയങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും സജീവമാക്കുവാനും, ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നു.

ഐ.ഐ.ടി, ഐ.ഐ.എസ്, എന്‍.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍, ട്രിപ്പിള്‍ഐടി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ബി.ടെക്, ഇന്റര്‍ഗ്രേറ്റഡ് എം.ടെക്, എംഎസ്.സി എന്നീ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയോ അവസാന വര്‍ഷ ബി.ടെക് കോഴ്‌സ് ചെയ്യുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രകാരം ഐ.ഐ.ടികളിലും ഐ.ഐ.എസ് കളിലും നേരിട്ട് പ്രവേശനം ലഭിക്കും. 

ഫെലോഷിപ്പിനുള്ള യോഗ്യതകള്‍ നേടുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ രണ്ട് വര്‍ഷം പ്രതിമാസം 70,000 രൂപ വീതവും മൂന്നാം വര്‍ഷത്തില്‍ 75,000 രൂപയും തുടര്‍ന്നുള്ള രണ്ട് വര്‍ഷം 80,000 രൂപ വീതവും ഫെലോഷിപ്പായി ലഭിക്കും. ഇതോടൊപ്പം വിദേശത്ത് നടക്കുന്ന സെമിനാറുകളിലും മറ്റും പങ്കെടുത്ത് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാന്‍ രണ്ട് ലക്ഷം രൂപയുടെ ഗ്രാന്റും അഞ്ച് വര്‍ഷ കാലയളവില്‍ വിദ്യാര്‍ത്ഥിക്ക് ലഭിക്കും.
 

click me!