റിസര്‍വ് ബാങ്ക് വായ്‍പാ നയം പ്രഖ്യാപിച്ചു, പ്രധാന നിരക്കുകളില്‍ മാറ്റമില്ല

By Web DeskFirst Published Dec 7, 2016, 3:43 AM IST
Highlights

പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്കിന്‍റെ വായ്‍പാനയം. റിപ്പോ നിരക്ക് 6.25 ശതമാനമായും, റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്‍പാ ഡിമാന്‍ഡ് ഉയര്‍ത്താനാകും ആര്‍ബിഐ ശ്രമിക്കുക എന്നായിരുന്നു സൂചന.

നോട്ടുകള്‍ പിന്‍ വലിച്ചതിന് ശേഷമുള്ള ആദ്യ വായ്‍പാനയമാണ് പ്രഖ്യാപിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്‌ക്കുമെന്നായിരുന്നു വിപണിയില്‍നിന്നുള്ള പ്രതീക്ഷ. അതേസമയം നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് തീരുമാനമുണ്ടായത്.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്‍പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറക്കുമെന്നായിരുന്നു പ്രതീക്ഷ. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ധനസ്ഥിതി പൂര്‍ണമായും വിലയിരുത്തിയിട്ടില്ലെന്നും, ഇതു പഠിച്ചതിനുശേഷമേ നിരക്കുകള്‍ കുറക്കുന്ന കാര്യത്തില്‍ തീരുമമെടുക്കൂ എന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ കുട്ടുമെന്ന സൂചനകളും, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് സാമ്പത്തികരംഗത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമായാണ് റിസര്‍വ്വ് ബാങ്കിനെ ഉടന്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് സൂചന. അതേസമയം നിരക്കുകള്‍ കുറക്കുന്ന കാര്യം  സമീപകാലത്ത് തന്നെ തീരുമാനിക്കുമെന്ന സൂചനയും ഊര്‍ജ്ജിത് പട്ടേല്‍ നല്‍കി. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്. നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതിനെതുടര്‍ന്ന് ഓഹരി സൂചികകള്‍ നഷ്‌ടത്തിലായി. സെന്‍സെക്‌സ് 140ഉം നിഫ്റ്റി 38 പോയന്റുമാണ് ഇടിഞ്ഞത്.

 

 

click me!