
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില വര്‍ദ്ധനവും രാജ്യത്തിന് വന്‍ ഭീഷണിയായി തുടരുകയാണ്. മൂല്യത്തകര്‍ച്ച തടയുന്നതിനായും ഇന്ധന വര്‍ദ്ധനവ് മൂലമുളള വെല്ലുവിളികള്‍ നേരിടുന്നതിനായും അഞ്ച് തീരുമാനങ്ങളാണ് ഉന്നതതലയോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രായോഗികമോ?
കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) കൂടുന്നതാണ് നമ്മുടെ രൂപയ്ക്ക് ഭീഷണിയാവുന്ന പ്രധാന ഘടകം. ഇത് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു വരുന്നത്. ആവശ്യകത കുറവുള്ള ഇറക്കുമതി നിയന്ത്രിക്കുക, മസാല ബോണ്ടുകള്‍ക്ക് ഇളവുകള്‍ നല്‍കുക, രാജ്യത്തേക്ക് നിക്ഷേപം ക്ഷണിക്കുക എന്നിവയാണ് രൂപയുടെ മൂല്യമിടിയല്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നയ തീരുമാനങ്ങള്‍ നല്ലതാണ്, പക്ഷേ അവ നടപ്പാക്കാനാകുമോ എന്നാതാണ് സംശയമാണ്.
ആവശ്യകത കുറവുളളവയുടെ ഇറക്കുമതി നിയന്ത്രിക്കുക സാധ്യമോ?
ഉടനെ നടപ്പാക്കിയെടുക്കാൻ പാടാണ്, കാരണം നമ്മുടെ 80 ശതമാനം ഇറക്കുമതിയും ക്രൂഡാണ്. അതിനാലാണ് വ്യാപാര കമ്മി വർദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ കറന്റ് അക്കൗണ്ട് കമ്മിയും ഉയർന്ന് നിൽക്കും. കയറ്റുമതി എത്ര കൂട്ടാമെന്ന് പറഞ്ഞാലും അത് ഒരു പരിധിയിൽ കൂടുതൽ വർദ്ധിപ്പിക്കാൻ സാധ്യമല്ല. സേവനമേഖലയും, പ്രവാസിപ്പണവും, ഐടിയുമാണ് ഇപ്പോള്‍ ശക്തിയുളള കയറ്റുമതി വ്യവസായങ്ങൾ. അത് ഉപയോഗിച്ചാണ് നമ്മൾ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിച്ചു നിർത്തുന്നത്. എന്നാൽ, എണ്ണവില ഉയർന്നാൽ ഈ നിയന്ത്രണം തകരും, വ്യാപാര കമ്മി കൂടും പിന്നാലെ കറന്റ് അക്കൗണ്ട് കമ്മിയും.
ഏതൊക്കെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാവും നിയന്ത്രക്കപ്പെടുക?
ഇറക്കുമതിയിൽ നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയ ഒരു വിഭാഗം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളാണ്. താരിഫ് കൂട്ടിയാണ് ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നത്. എത്ര കൂട്ടായാലും ഇലക്ട്രണിക്സ് ഉൽപ്പന്നങ്ങൾ നമ്മൾക്ക് ആവശ്യമാണ്. അതിനാൽ തന്നെ താരിഫ് കൂട്ടിയാലും അവ ഇറക്കുമതി ചെയ്യപ്പെടും. വിപണിയിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വില വർദ്ധനവ് മാത്രമാവും ഫലം. ഉദാഹരണത്തിന് ഇപ്പോൾ 1,000 രൂപയ്ക്ക് ലഭിക്കുന്ന മൊബൈൽ ഫോണിന് 1,700 ആവും അത്ര തന്നെ. ഈ നടപടി കൊണ്ട് കറന്റ് അക്കൗണ്ട് കമ്മി പ്രതീക്ഷിച്ച രീതിയിൽ കുറയില്ല.
ഉത്തതതല യോഗത്തിലെ മറ്റൊരു നിര്‍ണ്ണായക തീരുമാനം മസാല ബോണ്ടുകള്‍ക്ക് ഇളവുകള്‍ നല്‍കാനായിരുന്നു, ഈ തീരുമാനം ഗുണകരമോ?
വിദേശത്തുനിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ ഇറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകള്‍. രൂപയുടെ മൂല്യത്തകർച്ച തടഞ്ഞു നിർത്താനും കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്തരം ബോണ്ടുകൾ. അവയിൽ നടത്തുന്ന നിക്ഷേപം തിരികെ പോകാത്തതിനാൽ മസാല ബോണ്ടുകളിൽ ഇളവുകൾ നൽകാനുളള തീരുമാനം നടപ്പാക്കിയാൽ പെട്ടെന്ന് രൂപയ്ക്ക് കരുത്ത് പകരാൻ കഴിയുന്ന തീരുമാനമാണിത്. പക്ഷേ, ഇതിൽ എത്രത്തോളം നിക്ഷേപം വരും എന്നത് കാത്തിരുന്ന് കാണേണ്ടി വരും. മസാല ബോണ്ടുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന പലിശ നിരക്ക് ആശ്രയിച്ചിരിക്കും ഇതിന്‍റെ ഭാവി.
നമ്മുടെ കറന്‍സിയും സാമ്പത്തിക രംഗവും സ്ഥിരതയോടെ നിന്നാല്‍ മാത്രമേ മസാല ബോണ്ടുകളിലേക്ക് നിക്ഷേപകരെത്തൂ. ഈ തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത് രൂപയ്ക്ക് പ്രാധാന്യമുളള മസാല ബോണ്ടില്‍ ആരാണ് നിക്ഷേപിക്കാന്‍ തയ്യാറാവുകയെന്നത് ചോദ്യചിഹ്നമാണ്.
വിദേശ വാണിജ്യ വായ്പകൾക്ക് ഇളവുകള്‍ നല്‍കാനുളള തീരുമാനം
ഇപ്പോൾ തന്നെ വിദേശ വാണിജ്യ വായ്പകൾ ഉപയോഗിച്ചാണ് രാജ്യത്തെ മിക്ക വ്യവസായങ്ങളും മുന്നോട്ട് പോകുന്നത്. അത് ഉയരാൻ സർക്കാർ നയം സ്വാധീനിക്കും. എന്നാൽ, വിദേശ വായ്പകൾക്ക് പലിശ കൊടുക്കേണ്ടേ?. രൂപയുടെ മൂല്യം താഴ്ന്ന് നിൽക്കുന്ന ഈ അവസ്ഥയിൽ വായ്പയെടുത്താൽ വലിയ പലിശ കൊടുക്കേണ്ടി വരും നമ്മൾക്ക്. അത് വ്യവസായങ്ങള്‍ക്ക് നല്ലതല്ല.
റിസര്‍വ് ബാങ്കിന്‍റെ ഇടപെടലുകള്‍ രൂപയ്ക്ക് ആശ്വാസകരമാണോ?
റിസര്‍വ് ബാങ്കിന് യഥാര്‍ത്ഥത്തില്‍ ഈ അവസ്ഥയില്‍ വലുതായെന്നും ചെയ്യാനില്ല. കരുതല്‍ ധന ശേഖരം വിറ്റഴിച്ച് രൂപയെ താങ്ങിനിര്‍ത്തുകയെന്നത് മാത്രമാണ് റിസര്‍വ് ബാങ്കിന് ചെയ്യാന്‍ കഴിയുക. ഇത് നമ്മുടെ ധനകാര്യ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രൂപയുടെ മൂല്യം പരിധികള്‍ക്കപ്പുറത്തേക്ക് ഇടിയുമ്പോള്‍ ഡോളര്‍ വിറ്റഴിക്കുകയല്ലാതെ നമ്മുക്ക് വേറെ വഴിയില്ല.
രൂപയുടെ മൂല്യമിടിയല്‍ തുടരുന്നതോടെ റിസര്‍വ് ബാങ്കിന്‍റെ ഡോളര്‍ വിറ്റഴിക്കലും തുടരും. ഏത് രാജ്യത്തിന്‍റെ സെന്‍ട്രല്‍ ബാങ്കായാലും കറന്‍സിയുടെ മൂല്യമിടിയലില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. നമ്മള്‍ പ്രശ്നത്തില്‍ ചാടാന്‍ പോവുകയാണ്. ആഗോള സ്ഥിതി നമ്മുക്ക് അത്ര നല്ലതെന്നുമല്ല.
ഈ അവസ്ഥയില്‍ റിസര്‍വ് ബാങ്ക് പലിശ നയം പുതുക്കാന്‍ സാധ്യതയുണ്ടോ ?
റിസര്‍വ് ബാങ്ക് പലിശ നയം പുതുക്കണമെന്നില്ല. കാരണം, രൂപയുടെ മൂല്യമിടിയുന്നുണ്ടെങ്കിലും നമ്മുടെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ് അതിനാല്‍ തന്നെ പലിശ നയത്തില്‍ ഉടനേ ഒരു മാറ്റത്തിന് റിസര്‍വ് ബാങ്ക് ശ്രമിക്കില്ലെന്നാണ് എന്‍റെ തോന്നല്‍. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍റക്സ് ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന് നമ്മള്‍ മറന്നൂടാ.
ഇനി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആലേചനയുണ്ടായാല്‍ റിസര്‍വ് ബാങ്കിന് മുകളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടാവനുളള സാധ്യത ഞാന്‍ കാണുന്നു. കാരണം, ഇപ്പോള്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടിയാല്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കിനെ അത് മോശമായി ബാധിക്കും. അങ്ങനെയുണ്ടായാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും.
രൂപയുടെ മൂല്യത്തകര്‍ച്ച എത്രകാലം ഇങ്ങനെ തുടരും?
അത് പറയാന്‍ കഴിയില്ല, യുഎസ് മറ്റ് രാജ്യങ്ങളോട് സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും രൂപയുടെ മൂല്യത്തകര്‍ച്ച. അല്ലെങ്കില്‍ നമ്മുടെ കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രണ നടപടികള്‍ ഫലം കാണണം.
യുഎസ്സിനെ സംബന്ധിച്ച് മറ്റ് രാജ്യങ്ങളോട് വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ അവരുടെ ഡോളര്‍ കരുത്ത് കൂടുന്നുണ്ട്. അവിടുത്തെ പലിശ നിരക്കില്‍ വര്‍ദ്ധനയുണ്ട്. ഡോളര്‍ ഇത്തരത്തില്‍ കരുത്താര്‍ജ്ജിക്കുന്നതിനാല്‍ അവര്‍ക്ക് ഇത് നല്ല സമയമാണ്. ചിലപ്പോള്‍ രൂപയുടെ മൂല്യം ഇടയ്ക്കൊക്കെ മെച്ചപ്പെട്ടേക്കാം എങ്കിലും അത് തല്‍ക്കാലം സ്ഥായിയായിരിക്കില്ല.
രൂപയുടെ മൂല്യത്തകര്‍ച്ച പൊതു തെരഞ്ഞെടുപ്പില്‍ എങ്ങനെയാവും ചര്‍ച്ചയാകുക?
തെരഞ്ഞെടുപ്പില്‍ മൂല്യത്തകര്‍ച്ച ഉറപ്പായും ചര്‍ച്ചയാവും. അതിനാല്‍ തന്നെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് അടിയന്തരമായി രൂപയുടെ മൂല്യമിടിയാല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. ഇറക്കുമതി തീരുവ ഉയര്‍ത്തി കറന്‍റ് അക്കൗണ്ട് കമ്മി അടിയന്തരമായി നിയന്ത്രിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
നോട്ട് നിരോധനവും ജിഎസ്ടിയും രൂപയ്ക്ക് വെല്ലുവിളിയായോ?
എന്താ സംശയം, നോട്ട് നിരോധനവും, അതിന് ശേഷം വന്ന ജിഎസ്ടിയും കയറ്റുമതിയെ വല്ലാതെ തകർത്തു. അതാണ് കറന്‍റ് അക്കൗണ്ട് കമ്മി വര്‍ദ്ധിക്കാനിടയാക്കിയത്. ഒരു കാലത്ത് രാജ്യത്ത് ശക്തമായിരുന്ന വ്യവസായമാണ് വസ്ത്രവ്യാപാരം. നോട്ട് നിരോധനവും പിന്നാലെ വന്ന ജിഎസ്ടിയും അതിനെ തകര്‍ത്ത് കളഞ്ഞു. തുകല്‍, കരകൗശലം എന്നിവയെയും നോട്ട് നിരോധനം വല്ലാതെ ബാധിച്ചു.
ബംഗ്ലാദേശും മറ്റ് പലരാജ്യങ്ങളും നമ്മളോട് കയറ്റുമതി മേഖലയില്‍ ഇന്ന് വലുതായി മത്സരിക്കുന്നുണ്ട്. നമ്മളുടെ വ്യവസായ തകര്‍ച്ച മുതലെടുത്താണ് ഇത് അവര്‍ സാധ്യമാക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഈ പ്രതിസന്ധി സമയത്ത് ഇന്ത്യയെ കൂടുതല്‍ കുരുക്കിലാക്കിയത്. അതിന്‍റെ തെളിവാണ് തൊഴിലുറപ്പ് പദ്ധതിയുടെ കുടക്കീഴിലേക്ക് ഒരുപാട് പേരെത്തുന്നത്. അവരില്‍ പലരും സാമ്പത്തിക പരിഷ്കാരങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരാണ്.
രൂപയുടെ മൂല്യത്തകര്‍ച്ചയും കേരളവും തമ്മില്‍
കേരളത്തെ സംബന്ധിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച ഗുണകരമാകാറുണ്ട്. ഇപ്രാവശ്യവും അങ്ങനെ തന്നെയാണ്. അതിന് പ്രധാന കാരണം വിദേശത്ത് നിന്നെത്തുന്ന പണമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം വിദേശത്ത് നിന്നുളള പണം വരവില്‍ വലിയ വളര്‍ച്ചയുണ്ടായി. ഈ അവസ്ഥ ശരിക്കും നമ്മള്‍ക്ക് ഒരു വിന്‍റ് ഫാള്‍ ഗെയിന്‍ സിറ്റുവേഷനാണ്. നമ്മുടെ സംസ്ഥാന ജിഡിപിയിലെ ഏറ്റവും വലിയ സ്വാധീന ശക്തി ഇന്നും വിദേശത്ത് നിന്ന് അയ്ക്കുന്ന പണമാണ്.
രണ്ടാമത്തെ ഫാക്ടര്‍ റബ്ബര്‍ വിലയാണ്. ക്രൂഡിന്‍റെ വിലയും റബര്‍ വിലയും തമ്മില്‍ വലിയ ബന്ധമുണ്ട്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ക്രൂഡിന്‍റെ വില വലിയതോതില്‍ കുറഞ്ഞപ്പോള്‍ റബ്ബറിന്‍റെ വിലയും ഇടിഞ്ഞു. എന്നാല്‍, ഇപ്പോള്‍ ക്രൂഡിന്‍റെ വില ബാരലിന് 80 ഡോളറിന് അടുത്ത് എത്തി നില്‍ക്കുന്ന ഇതോടെ റബ്ബര്‍ വിലയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. കാരണം കൃത്രിമ റബ്ബറും പ്രകൃതി ദത്ത റബ്ബറും സബ്സ്റ്റിറ്റ്യൂട്ട്സാണ്. രാജ്യന്തര എണ്ണ വില കൂടുമ്പോള്‍ കൃത്രിമ റബ്ബറിന് വില കൂടുന്നു. സ്വാഭാവികമായും നാച്വറല്‍ റബ്ബര്‍ ഉപയോഗിക്കാന്‍ വ്യവസായങ്ങള്‍ക്ക് മുകളില്‍ പ്രേരണയുണ്ടാവും. ഇത് കേരളത്തിന് നേട്ടമാണ്.
ക്രൂഡ് വില വര്‍ദ്ധനവില്‍ കേരളത്തെ സംബന്ധിച്ച് ദോഷകരമായി ബാധിക്കുന്ന ഘടകം വിലക്കയറ്റമാണ്. ക്രൂഡ് വിലവര്‍ദ്ധനയ്ക്ക് പിന്നാലെ ഡീസല്‍ വിലകൂടുന്നത് വിലക്കയറ്റമുണ്ടാക്കും. എങ്കിലും താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച കേരളത്തിന് ഗുണകരമാണ്. എന്നാല്‍, കേരളത്തിന് പുറത്ത് രാജ്യത്തിന് വലിയ പ്രതിസന്ധിയാണ് രൂപയുടെ മൂല്യത്തകര്‍ച്ച സൃഷ്ടിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ച പോലെ തന്നെ രാജ്യത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന മറ്റൊന്ന് ഇന്ധന വില വര്‍ദ്ധനവാണ്. ഇന്ധന വില സര്‍ക്കാരിന് നിയന്ത്രിക്കാനാവില്ലേ?
കേന്ദ്ര സർക്കാരിന് എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വില നിയന്ത്രിക്കാവുന്നതാണ്. അത് ഉടനെ ഉണ്ടാകാനുളള സാധ്യത കുറവാണ്. നവംബർ ആകുമ്പോഴേക്കും ഇന്ധന വില സർക്കാർ നിയന്ത്രിച്ചേക്കും. ഇല്ലെങ്കിൽ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ വലിയ സംസ്ഥാന ഇലക്ഷനുകളിലെ പ്രകടനത്തെ വിലക്കയറ്റം ദേഷകരമായി ബാധിക്കുമെന്നതിനാലാണിത്.
ഇപ്പോ എത്ര ഓച്ചപ്പാടുണ്ടാക്കിയാലും വിലകുറയ്ക്കാൻ സാധ്യത കുറവാണ്. കർണ്ണാടകം നിയമസഭ ഇലക്ഷൻ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ഇലക്ഷനടുത്താൽ പിന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ എത്ര വില വർദ്ധനവുണ്ടായാലും വില സർക്കാർ കൂട്ടില്ല. വില സർക്കാരിന് ഏത് നിമിഷവും ക്യാപ് ചെയ്യാവുന്നതെയൊള്ളൂ എന്നതാണ് സത്യം.
കേന്ദ്രം പറയുന്നു; സംസ്ഥാനങ്ങള്‍ നികുതി നിയന്ത്രിക്കണം
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എക്സൈസ് ഡ്യൂട്ടി ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേന്ദ്ര സർക്കാരിനാണ്. സംസ്ഥാനങ്ങൾക്ക് അവരുടെ അധികാരം പരിധിയിൽ മാത്രമേ വാറ്റ് ചുമത്താൻ കഴിയൂ. ആന്ധ്ര പോലെയുളള സംസ്ഥാനങ്ങൾ ഇപ്പോൾ വില നിയന്ത്രണം നടപ്പാക്കുന്നുണ്ടെല്ലോ?.
കേരളത്തെ സംബന്ധിച്ച ഈ പ്രളയ പ്രതിസന്ധി ഘട്ടത്തിൽ വാറ്റ് നിയന്ത്രിച്ചാൽ നികുതി നഷ്ടം വലുതാവും. കേരളം നേരത്തെ കുറച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങളുടെ വരുമാനം എന്ന് പറയുന്നത് ഇന്ധന നികുതിയും മദ്യവും മാത്രാണ്. അതിനാൽ തന്നെ വാറ്റ് കുറച്ചാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാവും.
ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിലേക്ക് രാജ്യത്തെ നയിക്കില്ലേ?
പെട്രോള്‍, ഡീസല്‍ വില കൂടുന്നത് ചരക്ക് നീക്കം ചിലവേറിയതാക്കും. വിലക്കയറ്റത്തിലേക്ക് അത് രാജ്യത്തെ നയിക്കാന്‍ സാധ്യതയുണ്ട്.
പെട്രോള്‍, ഡീസല്‍ വിലകള്‍ ജിഎസ്ടിയിലാക്കിയാല്‍ വില കുറവ് വരില്ലേ?
ഇന്ധനത്തിന് ജിഎസ്ടി നടപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സമ്മതിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. പരമാവധി നികുതി സ്ലാബായ 28 ശതമാനം മാത്രമാവും പിന്നെ പെട്രോളിനും ഡീസലിനും ചുമത്താനാവുക. ഇത് മൂലം വലിയ അളവിൽ നികുതി നഷ്ടം സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനുമുണ്ടാവും. പക്ഷേ, നടപ്പാക്കിയാൽ ഇന്ധന വില രാജ്യത്ത് ഇപ്പോഴത്തേതിന്റെ പകുതിയാവും.
ജിഎസ്ടിക്ക് കീഴില്‍ എത്തിച്ചാലും സെസ്സ് ഏര്‍പ്പെടുത്തി വില കുറയ്ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലേ?
സെസ് ഏർപ്പെടുത്തിയേക്കാം എന്നാൽ, ഒരു പരിധിയിൽ കൂടുതൽ അത് സാധ്യമല്ല. ഇനി ചെറിയ ശതമാനം സെസ്സ് ഏർപ്പെടുത്തിയാലും ഇന്ധന വിലയിൽ വലിയ കുറവുണ്ടാവും. ജിഎസ്ടിയില്‍ ഒരു നികുതി സ്ലാബ് നിശ്ചയിച്ചാൽ പിന്നെ അത് മാറ്റാൻ കേന്ദ്ര സർക്കാരിന് ഏറെ വിയർക്കേണ്ടിവരും. കാരണം, ജിഎസ്ടി കൗൺസിലാണ് നികുതി നിശ്ചയിക്കുന്നത്.
നവംബറില്‍ വരാന്‍ പോകുന്ന യുഎസ്സിന്‍റെ ഇറാന്‍ ഉപരോധത്തെ എങ്ങനെ വിലയിരുന്നുന്നു?
യുഎസ്സിന്‍റെ ഇറാന്‍ ഉപരോധം നമ്മളെ കാത്തിരിക്കുന്ന വലിയ വെല്ലുവിളിയാണ്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം നമ്മളാണ്. ഇറാനെ യുഎസ് ഉപരോധിച്ച് തുടങ്ങിയാല്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാവും.