സൗദിയിലെ പ്രവാസികള്‍ ആശങ്കയില്‍; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

By Web DeskFirst Published Dec 25, 2017, 5:00 AM IST
Highlights

റിയാദ്: അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ 4 മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.വാഹന ഏജന്‍സികള്‍, സ്‌പെയര്‍പാര്‍ട്‌സ് വില്പനനടത്തുന്ന സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പുതിയതായി സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖായേല്‍ അറിയിച്ചു.

 ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും അടുത്ത ഏപ്രില്‍ മുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്ന വിഭാഗത്തില്‍പ്പെടും. പ്രഥമ ഘട്ടമെന്ന നിലയില്‍ അല്‍ബഹ മേഖലയിലാണ് ഈ വിഭാഗത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. സ്വദേശികള്‍ക്ക് അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഫോണ്‍   വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയതിനു പിന്നാലെ ജ്വല്ലറികളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു. റെന്റ് എ കാര്‍ മേഖലയിലും വൈകാതെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 

click me!