
പ്രധാനമന്ത്രിയുടെ വായ്പ പദ്ധതിയായ മുദ്ര ലോൺ യോജന പദ്ധതിയിൽ വായ്പ എടുത്തവർക്കും ഇരുട്ടടിയുമായി എസ് ബി ഐ. മുദ്ര വായ്പയുടെ പലിശ നിരക്ക് 9.8 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുകിട ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 2015ൽ പ്രധാനമന്ത്രി മുദ്ര ലോൺ യോജന കേന്ദ്ര സർക്കാർ നടപ്പാക്കിയത്. 9.8 ശതമാനം പലിശ നിരക്കിൽ 50,000 മുതൽ 10 ലക്ഷം വരെയായിരുന്നു വായ്പ നൽകിയിരുന്നത്. അഞ്ച് മുതൽ ഏഴു വർഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി. രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരംഭകർക്ക് പദ്ധതി ആശ്വാസമാകുമെന്നായിരുന്നു സർക്കാറിന്റെ കണക്കുകൂട്ടൽ.
എന്നാല്‍ ബാങ്ക് ലയനത്തിന് മുമ്പ് എസ്.ബി.ടി അടക്കമുള്ള ബാങ്കുകൾ നൽകിയ വായ്പയുടെ പലിശയിലാണ് മുന്നറിയിപ്പില്ലാതെ ഇപ്പോള്‍ വൻ വർധനവ് വരുത്തിയിരിക്കുന്നത്. പലിശ വർധിപ്പിച്ചതോടെ തിരിച്ചടവ് അവസാനിക്കാറായ പലരും ഇനിയും കൂടുതൽ തുക അടക്കേണ്ടിവരും.
സംസ്ഥാനത്ത്നിന്ന് മൂന്നു വർഷത്തിനിടെ ലക്ഷക്കണക്കിന് പേരാണ് മുദ്ര വായ്പയെടുത്തത്. ഇതിൽ ഏറെപ്പേരും എസ്.ബി.ടിയിൽ നിന്നായിരുന്നു. 2015ൽ 8.3 ലക്ഷം പേർ 4,727 കോടി രൂപ വായ്പയെടുത്തു. 2016ൽ 9.82 ലക്ഷം പേർ 6,140 കോടി രൂപയും 2017-18 സാമ്പത്തിക വർഷത്തിൽ ഇതുവരെ 1.46 ലക്ഷം പേർക്ക് 788 കോടി രൂപയും വായ്പയായി വിവിധ ബാങ്കുകൾ നൽകി. സഹകരണ ബാങ്കുകളൊഴികെ മുദ്ര വായ്പക്ക് ഇതുവരെ ഏകീകൃത പലിശ നിരക്ക് തീരുമാനിച്ചിട്ടില്ല എന്ന മറവിലാണ് എസ്.ബി.ഐ പലിശ കുത്തനെ വർധിപ്പിച്ചത്. സഹകരണ ബാങ്കുകൾക്ക് 11-12 ശതമാനമാണ് പലിശനിരക്ക്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.