സ്റ്റേറ്റ് ബാങ്കിന്‍റെ പണം ഇനിമുതല്‍ 'മുദ്രാക്ഷി' എണ്ണി തിട്ടപ്പെടുത്തും

By Web TeamFirst Published Dec 3, 2018, 3:46 PM IST
Highlights

സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ ബാങ്കിന്‍റെ ഈ നടപടിയോട് ശക്തമായി പ്രതിഷേധിച്ചു. മുന്‍പ് ഇത് രാജ്യത്തെ ചില മെട്രോകളില്‍ നടപ്പാക്കിയിട്ടുണ്ട്. കമ്പനിയുമായി ബാങ്കുണ്ടാക്കിയ കരാര്‍ പ്രകാരം തൃശ്ശൂരില്‍ നിന്ന് ശനിയാഴ്ച്ച സ്വകാര്യ കമ്പനി പണം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. 

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്കിന്‍റെ കറന്‍സി അഡ്മിനിസ്ട്രേറ്റീവ് സെല്ലില്‍ നിന്ന് പണം ശാഖകളിലേക്ക് വിതരണം ചെയ്യുന്നതിനും ശാഖകളില്‍ നിന്ന് വൈകിട്ട് തിരിച്ച് പണം സെല്ലിലേക്ക് എത്തിക്കുന്നതും ഇനിമുതല്‍ മുദ്രാക്ഷി ഹൈടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാകും. എസ്ബിഐ ജീവനക്കാര്‍ ഇതുവരെ ദൈനംദിന ജോലിയുടെ ഭാഗമായി ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തിയാണ് ബാങ്ക് കൊല്‍ക്കത്ത ആസ്ഥാനമായ മുദ്രാക്ഷിക്ക് പുറംകരാര്‍ നല്‍കിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ ബാങ്കിന്‍റെ ഈ നടപടിയോട് ശക്തമായി പ്രതിഷേധിച്ചു. മുന്‍പ് ഇത് രാജ്യത്തെ ചില മെട്രോകളില്‍ നടപ്പാക്കിയിട്ടുണ്ട്. കമ്പനിയുമായി ബാങ്കുണ്ടാക്കിയ കരാര്‍ പ്രകാരം തൃശ്ശൂരില്‍ നിന്ന് ശനിയാഴ്ച്ച സ്വകാര്യ കമ്പനി പണം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. 

ദിവസവും 20,000 മുതല്‍ 30,000 രൂപ വരെയാണ് ഒരോ സ്ഥലത്തും മുദ്രാക്ഷിക്ക് ബാങ്ക് നല്‍കേണ്ടി വരുന്ന കമ്മീഷന്‍. എടിഎമ്മില്‍ പണം നിറയ്ക്കുന്ന നടപടി പൂര്‍ണ്ണമായും സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ പുതിയ നടപടി. സ്റ്റേറ്റ് ബാങ്കിന്‍റെ കാഷ് എഫിഷ്യന്‍സ് പ്രോജക്ടിന്‍റെ ഭാഗമായാണ് സെല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ നല്‍കിയത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവടങ്ങളിലാണ് എസ്ബിഐയുടെ കറന്‍സി സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. 

click me!