നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരു അവസരം കൂടി?

By Web DeskFirst Published Jul 5, 2017, 8:45 AM IST
Highlights

ദില്ലി: നിരോധിച്ച നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഇന്ത്യാക്കാര്‍ക്ക് ഒരവസരം കൂടി കിട്ടിയേക്കും. ഇക്കാര്യത്തില്‍ ഒരവസരം കൂടി നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കൃത്യമായ കാരണം അറിയിക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ബഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് മറുപടി പറയാന്‍ പറഞ്ഞത്. കള്ളപ്പണവും കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തില്‍ 2016  നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ പണ നിയന്ത്രണം നടപ്പാക്കിയത്. എന്നാല്‍ കേന്ദ്രം നല്‍കിയ സമയത്തിനുള്ളില്‍ നോട്ട് നിക്ഷേപിക്കാന്‍ കഴിയാതെ പോയ അനേകരുണ്ടെന്നും അവര്‍ക്ക് വേണ്ടി പഴയ 500,1000 നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരവസരം കുടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 

കേസ് ജൂലൈ 18 ന് വീണ്ടും കേള്‍ക്കുന്നുണ്ട്. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണം. തീവ്രവാദ സംഘടനകളിലേക്ക് ഒഴുകുന്ന കള്ളപ്പണവും കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചത്. പിന്നീട് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ 50 ദിവസം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. 

എന്നാല്‍ ബാങ്കുകളില്‍ നീണ്ടു നിന്ന ക്യൂ മൂലം പലര്‍ക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആര്‍ബിഐ യുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ശക്തമായ പ്രതിഷേധം നടക്കുകയും ചെയ്തു. പുതിയ നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവസരം നല്‍കിയാല്‍ അനേകര്‍ക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍.

click me!