ഓണ്‍ലൈന്‍ ഗെയിമിംഗ്, ഡിജിറ്റല്‍ വാലറ്റുകളില്‍ പണം നിറയ്ക്കല്‍, സിനിമാ ടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലാണ് പ്രധാനമായും നിയന്ത്രണങ്ങളും അധിക ചാര്‍ജുകളും ഏര്‍പ്പെടുത്തുന്നത്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വന്‍ മാറ്റങ്ങള്‍ ആണ് ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ്, ഡിജിറ്റല്‍ വാലറ്റുകളില്‍ പണം നിറയ്ക്കല്‍, സിനിമാ ടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലാണ് പ്രധാനമായും നിയന്ത്രണങ്ങളും അധിക ചാര്‍ജുകളും ഏര്‍പ്പെടുത്തുന്നത്. 2026 ജനുവരി മുതല്‍ ഘട്ടം ഘട്ടമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരിക.
സാധാരണക്കാരെയും പ്രീമിയം ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന ചില പ്രധാന മാറ്റങ്ങള്‍ ഇവയാണ്
1. ഓണ്‍ലൈന്‍ ഗെയിമിംഗിന് 2 ശതമാനം ഫീസ്
ഡ്രീം 11 , റമ്മി കള്‍ച്ചര്‍ , എംപിഎല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഇനി 2 ശതമാനം അധിക ഫീസ് നല്‍കണം. ഇത്തരം ഗെയിമുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും.
2. വാലറ്റില്‍ പണം നിറയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക
പേടിഎം , ആമസോണ്‍ പേ, മോബിക്വിക് തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി പണം മാറ്റുന്നവര്‍ക്ക് നിയന്ത്രണം വരുന്നു. 5,000 രൂപയില്‍ കൂടുതല്‍ പണം വാലറ്റില്‍ നിറച്ചാല്‍ ഇടപാട് തുകയുടെ ഒരു ശതമാനം ഫീസായി നല്‍കേണ്ടി വരും.
3. സിനിമാ ടിക്കറ്റുകള്‍ക്ക് ഇനി ചിലവുണ്ട്
ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിച്ചിരുന്ന 'ഒന്ന് എടുത്താല്‍ ഒന്ന് സൗജന്യം' എന്ന ആനുകൂല്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് മാസം കൂടുമ്പോള്‍ കുറഞ്ഞത് 25,000 രൂപയെങ്കിലും കാര്‍ഡ് ഉപയോഗിച്ച് ചിലവാക്കുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഇന്‍സ്റ്റന്റ് പ്ലാറ്റിനം കാര്‍ഡുകള്‍ക്ക് ഈ ആനുകൂല്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കി.
4. യാത്രകള്‍ക്കും ഇന്‍ഷുറന്‍സിനും പരിധി
റെയില്‍വേ, ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതിന് പരിധി നിശ്ചയിച്ചു. സഫീറോ , റൂബിക്‌സ് കാര്‍ഡുകള്‍ക്ക് പ്രതിമാസം 20,000 രൂപ വരെയുള്ള ചിലവുകള്‍ക്കേ ഇനി പോയിന്റുകള്‍ ലഭിക്കൂ. കോറല്‍, പ്ലാറ്റിനം കാര്‍ഡുകള്‍ക്ക് ഇത് 10,000 രൂപയാണ്. എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്‍ഷുറന്‍സ് അടയ്ക്കുമ്പോള്‍ 40,000 രൂപ വരെയുള്ള തുകയ്ക്ക് മാത്രമേ നിലവിലെ നിരക്കില്‍ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കൂ.
5. പ്രീമിയം കാര്‍ഡ് ഉടമകള്‍ക്ക് തിരിച്ചടി
ഏറ്റവും ഉയര്‍ന്ന വിഭാഗത്തിലുള്ള എമറാള്‍ഡ് മെറ്റല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി വാടക, ഇന്ധനം, വസ്തു നികുതി, ഗവണ്‍മെന്റ് പേയ്മെന്റുകള്‍ എന്നിവയ്ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല. കൂടാതെ, പുതിയ അഡീഷണല്‍ കാര്‍ഡുകള്‍ക്ക് 3,500 രൂപ ഫീസായി നല്‍കുകയും വേണം.
മാറ്റങ്ങള്‍ എപ്പോള്‍ മുതല്‍?
മിക്ക പുതിയ ചാര്‍ജുകളും 2026 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. റിവാര്‍ഡ് പോയിന്റുകളിലെയും സിനിമാ ടിക്കറ്റ് ആനുകൂല്യങ്ങളിലെയും മാറ്റങ്ങള്‍ 2026 ഫെബ്രുവരി 1 മുതലായിരിക്കും ബാധകമാകുക.
തങ്ങളുടെ ഓരോ കാര്‍ഡിനും ബാധകമായ മാറ്റങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചിട്ടുണ്ട്.


